പുരാതനകാലം മുതൽക്കേ ഭാരതീയ ഋഷിവര്യന്മാർ രുദ്രാക്ഷം ശരീരത്തിൽ ധരിച്ച് നടന്നിരുന്നു. ഭക്തിയുടേയും വിശുദ്ധിയുടേയും പ്രതീകമായ രുദ്രാക്ഷത്തിന് വമ്പിച്ച ഔഷധഗുണങ്ങൾ ഉണ്ടെന്ന് അവർ വിശ്വസിച്ചിരുന്നു.
രുദ്രാക്ഷം ധരിക്കുന്നവർ മത്സ്യ മാംസങ്ങൾ കഴിക്കരുത്. ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാൻ പാടില്ല. ചുവന്ന ഉള്ളീ, വെളുത്തുള്ളി, മുരിങ്ങാക്കായ എന്നിവ ഉപയോഗിക്കരുതു എന്നും പറയുന്നു
രുദ്രാക്ഷം ഒരു പൂജ്യവസ്തുവായത്തീരുന്നതിന് നിദാനമായ ഒരു പുരാണകഥ ദേവീഭാഗവതം ഏകാദശ സ്കന്ധത്തിലിങ്ങനെ കാണുന്നു.
പണ്ട് ത്രിപുരൻ എന്നൊരു അതിശക്തിമാനും പരാക്രമിയുമായ അസുര പ്രമാണിയുണ്ടായിരുന്നു. അവൻ ദേവന്മാരേയും ദേവാധിപരെയും തോല്പിച്ച് ഏകചത്രാധിപതിയായിതീർന്നു. തന്നിമിത്തം സങ്കടത്തിലായ ദേവന്മാർ പരമശിവന്റെ അടുക്കൽ ചെന്ന് പരാതി ബോധിപ്പിച്ചു. ത്രിപുരനെ എങ്ങനെ വധിക്കേണ്ടു എന്ന വിചാരത്തിൽ കണ്ണടച്ചിരുന്ന് ധ്യാനിച്ച പരമശിവൻ ഒരായിരം ദിവ്യവർഷങ്ങൾ ദീർഘിച്ച ശേഷമാണ് കണ്ണ് തുറന്നത്. അപ്പോൾ നേത്രങ്ങളിൽ നിന്ന് അശ്രുബിന്ദുക്കൾ താഴെവീണു. ഈ ബാഷ്പ ബിന്ദുക്കളിൽ നിന്നാണത്രെ രുദ്രാക്ഷ വ്യക്ഷങ്ങളുണ്ടായത്.
പരമശിവന്റെ സൂര്യ നേത്രത്തിൽ നിന്ന് പന്ത്രണ്ട് വിധരുദ്രാക്ഷങ്ങളും, ചന്ദ്ര നേത്രത്തിൽ നിന്ന് പതിനാറുവിധ രുദ്രാക്ഷങ്ങളും , അഗ്നി നേത്രത്തിൽ നിന്ന് പത്ത് വിധ രുദ്രാക്ഷങ്ങളും ആണ് ഉണ്ടായത്.
സൂര്യനേത്രത്തിൽ നിന്ന് ഉണ്ടായവ രക്ത വർണ്ണമാണ്. ചന്ദ്രനേത്രത്തിൽ നിന്ന് വെള്ള നിറത്തിലുള്ള രുദ്രാക്ഷങ്ങളും ഉണ്ടായി. അഗ്നിനേത്രത്തിൽ നിന്ന് ഉണ്ടായവയുടെ നിറം കറുപ്പാണ്. പുരാണങ്ങളിൽ ത്രിപുരനെ പരമശിവൻ തന്നെ വധിക്കുന്നു. അങ്ങനെ മഹാദേവന് ത്രിപുരാന്തകൻ എന്നൊരു നാമംകൂടി
ധരിക്കുന്ന വിധം
രുദ്ര എന്നാൽ ശിവനും അക്ഷം എന്നാൽ കണ്ണെന്നും പൊരുൾ.അതുകൊണ്ട് ശിവന്റെ കണ്ണായി കരുതപ്പെടുന്ന രുദ്രാക്ഷത്തിൽ മാഹാത്മ്യമേറെയാണ്. വിധിപ്രകാരം രുദ്രാക്ഷം ധരിച്ചാൽ പാപം ശമിക്കുമെന്നും അതുവഴി ഏറെ ഗുണം ലഭ്യമാകുമെന്നും ദൈവിക സാമീപ്യമുണ്ടാകുമെന്നുമാണ് സങ്കൽപ്പം. കഴുത്തിൽ മുപ്പത്തിരണ്ട്, ശിരസ്സിൽ നാൽപ്പത്, കാതിൽ ആറു വീതം, കൈകളിൽ പന്ത്രണ്ട് വീതം, ഭുജങ്ങളിൽ പതിനാറ് വീതം, കണ്ണിൽ ഒന്ന് വീതം, ശിഖയിൽ ഒന്ന്, വക്ഷസ്ഥലത്ത് നൂറ്റിയെട്ട് എന്ന രീതിയിൽ രുദ്രാക്ഷം ധരിക്കാനായാൽ അത് സാക്ഷാൽ പരമേശ്വരൻ ആകുന്നുവെന്ന് നാരദരോട് നാരായണമഹർഷി വെളിപ്പെടുത്തുന്ന ഒരു ഭാഗം ദേവീഭാഗവതത്തിൽ കാണുന്നുണ്ട്. വിധിപ്രകാരമല്ലാതെ രുദ്രാക്ഷം ധരിച്ചാൽ ഗുണത്തെക്കാളുപരി ദോഷം ഭവിക്കും.
രുദ്രാക്ഷഫലം
പലവിധപാപങ്ങളും രുദ്രാക്ഷം ധരിക്കുന്നതുമൂലം ഇല്ലാതാകുന്നു. ജാതകവശാലുള്ള കാളസർപ്പ ദോഷത്തിന് പരിഹാരമായിട്ട് രുദ്രാക്ഷം ധരിക്കുന്നു. ഒരുമുഖം-ശിവൻ, രണ്ട് മുഖം-ദേവി(ഗൌരീശങ്കരം), മൂന്ന് മുഖം-അഗ്നി, നാല് മുഖം-ബ്രഹ്മാവ്, അഞ്ച് മുഖം-കാലാഗ്നി, ആറ് മുഖം-സുബ്രഹ്മണ്യന്‍, ഏഴ് മുഖം-സപ്തമാതൃക്കൾ, സൂര്യൻ, സപ്തർഷി, എട്ട് മുഖം-വിനായകൻ, ഒമ്പത് മുഖം-യമൻ, പത്ത് മുഖം-ദശദിഗ് ദേവത, പതിനൊന്ന് മുഖം-ഏകാദസരുദ്രൻ, പന്ത്രണ്ട് മുഖം-വിഷ്ണു, പതിമൂന്ന് മുഖം-കാമദേവൻ, പതിനാല് മുഖമുള്ള രുദ്രാക്ഷം ധരിക്കുന്നവർ സാക്ഷാൽ പരമശിവന് തുല്യനായി തീരുമെന്ന് വിശ്വസിക്കപ്പെടുന്നു. ദേവപ്രീതി,പാപമുക്തി,രോഗമുക്തി എന്നിവയ്ക്കായി രുദ്രാക്ഷം ധരിക്കാം. രുദ്രാക്ഷമാലയുടെ മുത്തുകളുടെ എണ്ണവും ഫലങ്ങളിൽ വ്യത്യാസമുണ്ടാക്കും.
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ