ഓര്‍മകളില്‍ മോനിഷ …..


മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി
മഞ്ഞ കുറി മുണ്ടു ചുറ്റി ….
ഈ പാട്ട് കേള്‍ക്കാത്ത മലയാളികള്‍ കുറവാണ് . ” നഖക്ഷതങ്ങള്‍ ” എന്ന ചിത്രത്തില്‍ ബോംബെ രവിയുടെ സംഗീതത്തില്‍ കെ എസ് ചിത്ര പാടിയ മനോഹര ഗാനം .

ഈറന്‍ മുടിയില്‍ തുളസികതിര്‍ ചൂടി ,നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞു , തിളങ്ങുന്ന പാവാടയും ജാക്കെറ്റുംമിട്ടു മുഖത്ത് നിഷ്കളങ്കമായ ചിരി നിറച്ചു മലയാളിയുടെ മനം കവര്‍ന്ന നഖക്ഷതങ്ങളിലെ ഗൌരിയെ എങ്ങനെ മറക്കാന്‍ കഴിയും ? ഗൌരിക്ക് ജീവനേകിയ മോനിഷയെയും …
മോനിഷയെ പറ്റി ഓര്‍ക്കുമ്പോള്‍ എല്ലാം ആദ്യം മനസിലേക്ക് ഓടിയെത്തുന്നതും ഈ പാട്ടാണ് . നോട്ടത്തിലും ചിരിയിലും ഭാവത്തിലുമെല്ലാം അയല്‍പക്കത്തെ കുട്ടി എന്ന് മലയാളിക്ക് തോന്നിച്ച മോനിഷ.
ഒരു നൂറു നായികമാര്‍ അവര്‍ക്ക് ശേഷം മലയാള സിനിമയ്ക്കു ലഭിച്ചു എങ്കിലും കഴിവുകൊണ്ടോ മലയാളത്തനിമകൊണ്ടോ മോനിഷക്ക് പകരമാകാന്‍ മറ്റാര്‍ക്കും കഴിഞ്ഞില്ല . 6 വര്‍ഷത്തെ സിനിമ ജീവിതം കൊണ്ട് മോനിഷ നേടിയെടുത്തത് സഹസ്രങ്ങളുടെ അനുഗ്രഹവും പ്രാര്‍ഥനയും നിറഞ്ഞ മനസ്സുമായിരുന്നു . എന്നാല്‍ ആ പ്രാര്‍ഥനകള്‍ക്കൊന്നും അവരെ അനിവാര്യമായ വിധിയില്‍നിന്നു രക്ഷിക്കാന്‍ ആയില്ല .


പണ്ട് ശ്രീ ശങ്കരാചാര്യരുടെ അമ്മയ്ക്ക് ഭഗവാന്‍ ഒരു വരം കൊടുത്തു . കുട്ടികള്‍ ഇല്ലാതിരുന്ന അവരുടെ പ്രാര്‍ഥനക്ക് ഭഗവന്‍ പ്രത്യക്ഷപെട്ടു ” നിനക്ക് അല്പായുസ്സായ കീര്‍ത്തിമാനും പ്രതിഭയും ജ്ഞാനിയുമായ പുത്രനെയോ അതോ ദീര്‍ഘയുസ്സായ സാമാന്യ പുത്രനെയോ വേണ്ടത് ” എന്ന് ചോദിച്ചു . ആ അമ്മ തിരഞ്ഞെടുത്തത് ആദ്യ വരം ആയിരുന്നു . പിന്നെടുള്ളതെല്ലാം ചരിത്രമാണ് .
മോനിഷയുടെ അമ്മയും ഇങ്ങനെ ഒരു കരാര്‍ ജഗധീശ്വരനുമായി ഉണ്ടാക്കിയിരുന്നോ എന്ന് ഞാന്‍ സംശയിക്കുന്നു .കാരണം വെറും 21 വയസ്സിന്‍റെ ദൈര്‍ഘ്യമേ ആ അഭിനയ പ്രതിഭയുടെ ജീവിതത്തിനു ഭഗവാന്‍ നല്‍കിയുള്ളൂ .

1971ൽ കോഴിക്കോട് പന്നിയങ്കരയിലാണ് മോനിഷ ജനിച്ചത്‌ . ചെറുപ്പം തൊട്ടേ നൃത്തം അഭ്യസിച്ചിരുന്നു . പഠിച്ചതും വളര്‍ന്നതും ബംഗ്ലൂരില്‍ . 14ാ൦ വയസ്സില്‍ കര്‍ണാടക സര്‍ക്കാർ നല്‍കുന്ന ഭരതനാട്യത്തിന്‍റെ ഉന്നത ബഹുമതിയായ ” കൌശിക ” അവാര്‍ഡ്‌ ലഭിച്ച മോനിഷക്ക് മനശാസ്ത്രത്തില്‍ ബിരുദവും ഉണ്ടായിരുന്നു .
15ാ൦ വയസ്സില്‍ ആദ്യ സിനിമ . 1986ൽ എം ടി യുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ” നഖക്ഷതങ്ങള്‍ ” . ചിത്രത്തില്‍ ഗൌരിയായി മോനിഷയും രാമുവായി വിനീതും വേഷമിട്ടു .കൌമാര പ്രണയമായിരുന്നു കഥാതന്തു .ആദ്യ സിനിമയ്ക്കു വെറും 15ാ൦ വയസ്സില്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം മോനിഷ നേടി .

ഏറ്റവും പ്രായം കുറഞ്ഞ ദേശീയ പുരസ്ക്കാര ജേതാവ് എന്ന റെക്കോര്‍ഡ്‌ ഇന്നും മോനിഷയുടെ പേരിലാണ് . പകര൦ വയ്ക്കാനില്ലാത്ത അഭിനയ ശേഷിയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ .
പിന്നെടങ്ങോട്ടു ഒരു പിടി മികച്ച ചിത്രങ്ങള്‍ .പെരുംതച്ചന്‍ , കടവ് , കമലദളം , ഒരു കൊച്ചു ഭൂമികുലുക്കം എന്നിങ്ങനെ ഓരോ ചിത്രത്തിലും മോനിഷയുടെ അഭിനയത്തികവ് മലയാളി കണ്‍കുളിര്‍ക്കെ കണ്ടു .ചുരുക്കം ചില തമിഴ് സിനിമകളിലും അവര്‍ വേഷമിട്ടു

പക്ഷെ സ്വാര്‍ത്ഥനായ ദൈവം തക്കം പാര്‍ത്തു ഇരിക്കുകയായിരുന്നു . സ്വര്‍ഗം വെടിഞ്ഞു ഭൂമിയില്‍ പിറന്ന തന്‍റെ മാലാഖകളില്‍ ഒന്നിനെ തിരിച്ചു വിളിക്കാന്‍ . 1991 ഡിസംബര്‍ 5ന് ആലപ്പുഴ ചേര്‍ത്തലയ്ക്ക് അടുത്തുവച്ച് ഒരു കാര്‍ അപകടത്തിലൂടെ ദൈവമതു സാധിച്ചെടുക്കുകയും ചെയ്തു . അങ്ങനെ 21ാ൦ വയസ്സില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ പ്രതിഭയുടെ മൂര്‍ധന്യത്തില്‍ നില്‍ക്കെ മോനിഷ യാത്രയായി . ഒരുപാട് സ്വപ്നങ്ങളും ബാക്കിവച്ച് .
മുന്‍പ് പറഞ്ഞ ശങ്കരാചാര്യരുടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ആവര്‍ത്തിക്കപെടുകയായിരുന്നു മോനിഷയിലും .


ഞാന്‍ കണ്ടിട്ടുള്ള കണ്ണുകളില്‍ വച്ചു ഏറ്റവും ഭംഗിയുള്ള കണ്ണുകളുടെ ഉടമയായിരുന്നു മോനിഷ . ഇന്നും അവരുടെ പുഞ്ചിരി എന്‍റെ ഹൃദയത്തിലേക്ക് കാമന്‍റെ ഒരായിരം പുഷ്പ ശരങ്ങള്‍ എയ്യുന്നു . അമ്മയുടെ വിരല്‍ തൂങ്ങി ഞാന്‍ പിച്ചവയ്ക്കാന്‍ പഠിക്കുമ്പോള്‍ അവര്‍ ഈ ഭൂമിയില്‍നിന്നു മാറ്റപെട്ടിരുന്നു എന്ന സത്യം എന്നെ കടുത്ത നഷ്ടബോധത്തിന്‍റെ ഗര്‍ത്തങ്ങളിലേക്ക്‌ തള്ളിയിടുന്നു .

സത്യമായും ഞാന്‍ അവരെ പ്രണയിച്ചു പോകുന്നു .അവരിലെ പ്രതിഭയോടുള്ള ആദരവോ അതിനെ തല്ലികെടുത്തിയ വിധിയോടുള്ള വെറുപ്പോ അവരുടെ കണ്ണുകളുടെ കൊല്ലുന്ന സൌന്ദര്യത്തോടുള്ള ഭ്രമമോ ഒക്കെയാവാം കാരണങ്ങള്‍ . എന്നിരുന്നാലും ആകാശത്തിന്‍റെ ഉയരങ്ങളില്‍ മേഘപാളികള്‍ക്കിടയില്‍ ഇരുന്നു അവര്‍ എന്നെ കാണുന്നുണ്ട് എങ്കില്‍ എന്‍റെ ഈ പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കട്ടെ .ഒരുപക്ഷെ അവര്‍ക്ക് ഒരു പുനര്‍ജന്മമുണ്ടെങ്കില്‍ അത് എന്നോടൊപ്പം ജീവിച്ചു തീര്‍ക്കാന്‍ അവര്‍ തീരുമാനിക്കുകയാണെങ്കില്‍ ഈ ജന്മം വെടിഞ്ഞു അവര്‍ക്ക് വേണ്ടി വീണ്ടും ജനിക്കാന്‍ ഞാന്‍ തയ്യാറാണ്



ഇപ്പോള്‍ ഓര്‍മവരുന്നത് ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍റെ ആല്‍ബത്തിലെ ഒരു പാട്ടിന്‍റെ വരികളാണ് …

“നിനക്കായി തോഴി പുനര്‍ജനിക്കാം
ഇനി വരും ജന്മങ്ങള്‍ ഒന്ന് ചേരാം “


അസാധാരണമായ കഴിവുകള്‍ നല്‍കി ഒന്നിനെ സൃഷ്ടിച്ചു അതിനെ പ്രശസ്തിയുടെ കൊടിമുടിയില്‍ എത്തിച്ചു പെട്ടെന്ന് ഇല്ലാതാക്കുന്ന പ്രക്രിയയുടെ നീതിയെ ദൈവം എങ്ങിനെയാവും വിശദീകരിക്കുക?
അറിയില്ല . ഒരുപക്ഷെ സംഭവിച്ചതെല്ലാം നല്ലതിനാകാം .ജീവിച്ചിരുന്നപ്പോള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ത ആയിരുന്നതുകൊണ്ട് മരണത്തിലും വ്യത്യസ്തയാകട്ടെ എന്നു മോനിഷയുടെ കാര്യത്തില്‍ ദൈവം തീരുമാനിച്ചിരിക്കാം . അങ്ങനെ കരുതി സമാധാനിക്കാം .
മോനിഷ നിനക്ക് എന്‍റെ പ്രണയത്തിന്റെ വാടാത്ത പൂച്ചെണ്ടുകള്‍ . ഒപ്പം രണ്ടു തുള്ളി കണ്ണുനീരും …..

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ