മരം

ശിഖരങ്ങളില്ലാ ഈ  മരത്തില്‍ ,
എരിയുന്ന ചൂടിന്‍ സ്വാന്തനമായ് .......

ഗഗനത്തിനതിരുകളില്ലാതെ-
അകതാരില്‍ വിടരുന്ന സ്നേഹത്തിന്‍  .

തണലുമായ് നെഞ്ചോട് ചേര്‍ത്ത് താലോലിക്കാന്‍ ,
നിന്റെ   മൗനത്തിന്‍റെ

ആത്മാംശത്തെ അറിഞ്ഞ്..
നോവുകളെ ചേര്‍ത്തടുക്കി
എനിക്കൊന്നുറങ്ങണം......

നിന്നോട് മാത്രം യാത്രപറഞ്ഞ്‌
ചന്ദന തിരികളുടെ ഗന്ധവും പേറി...........

ഒരു സങ്കട കാറ്റിന്‍റെ  നിഗൂഡതയില്‍ അലയുന്ന
മനസ്സിന്‍ ചോദ്യങ്ങള്‍ക്കുത്തരവും പേറി ...

അരുണം

അരുണം മരണമണി ചെവിയോർത്തു ബോധശൂന്യം തന്റെ മനവുമുടലും സദാ കാരാഗൃഹത്തിലായ് കരുണവധമില്ലാതെ പരലോകമണയുന്ന അരുണയൊരു നോവായി നൊമ്പരപ്പൂവായി. വിടരുമൊരു പൂവുപോൽ പൂമണം പൂശി നീ വനികയിതിൽ മേവവെ വന്നുവോ കശ്മലൻ അതികഠിനമായ് നിന്റെ ഞെട്ടറുത്തീവിധം മൃദുലദളമാകെ കശക്കിയെറിഞ്ഞുവോ വിധിവിഹിതമായിടാമെന്നു നീയോർത്തതി- ല്ലതിനുമുമ്പാതുരശുശ്രൂഷവ്യഗ്രയായ് മനുജസംസേവനം ദീനർതൻ വേദന- യ്ക്കിനിയതാം സാന്ത്വനം നിൻ സത്യചിന്തനം കപടതയറിഞ്ഞിടാതുള്ള നീ വീണുപോ- യപകട മഹാഗർത്തമൊന്നിൽ മാൻപേടപോൽ മധുരതര സ്വപ്നങ്ങളൊക്കെ തകർന്നുപോയ് വ്യഥയുടെ ശാപാഗ്നികുണ്ഡത്തിലാണ്ടുപോയ് അവനിയിതിൽ സസുഖമൊരു മാന്യനായ് വാഴുന്നി- തവനെന്ന നീചനാം നായാടിയെങ്കിലും ഒരുദിനമവൻ ചെല്ലുമീശന്റെ കോടതി തരുമതിനൊത്തുള്ള ശിക്ഷയെന്നോർത്തു ഞാൻ അരിശമിയലുന്നൊരെൻ ചിന്തയിൽ ചാമ്പലാം കരിനിറമെഴും പുഷ്പചക്രമർപ്പിച്ചിടാം ഒരുവൾക്കുമീ ഗതി നല്കല്ലെയൊന്നോതി ഒരു നിമിഷമാത്മശാന്തിക്കു പ്രാർത്ഥിച്ചിടാം.

തെരുവിന്റെ പുത്രി

തിക്കി പായും തെരുവീഥി തന്‍ ഓരത്തില്‍ ഒട്ടിയ വയറു നിറക്കാന്‍ പണിപ്പെടും കാലം ഭ്രഷ്ട് കല്‍പ്പിച്ച അബലയാം തെരുവിന്റെ പുത്രി ഞാന്‍. അച്ഛനും അമ്മയും ആരെന്നറിയാതെ പിച്ചവയ്ക്കുന്നോരായിരം ജന്മങ്ങള്‍ക്ക് അത്താണിയാകും ഏതോ തെരുവോര - മാണെന്റെ ജന്മദേശം. ജാതിയുമില്ല ദേവനുമില്ല ജാതി ചൊല്ലും വിളിപ്പേരുമില്ല. ഒരു ചാണ്‍ വയറു നിറക്കാന്‍ കനിവ് കാട്ടുന്നോരെന്നും എന്‍ ഈശ്വരന്‍. തിരക്കാര്‍ന്ന വീഥിയില്‍ ചുവപ്പ് വെട്ടത്തില്‍ ശപിച്ചു നിര്‍ത്തും വണ്ടി ചക്രത്തിന്‍ മുന്‍പില്‍ വിളറിയ മുഖവുമായി കരയാന്‍ ശ്രമിക്കും കണ്ണീര്‍ വറ്റിയ തെരുവിന്റെ പുത്രി. കുഴിഞ്ഞ കണ്ണും പാറിയ മുടിയുമായി അന്നത്തിനുള്ള വകക്കായ് കേണു ഞാന്‍ കുമ്പിടുന്നു ഓരോ വണ്ടി ചക്രത്തിന്‍ മുന്‍പിലും. അരികു പൊട്ടിയ പിത്തള പാത്രത്തില്‍ അന്നത്തിന്‍ പങ്കുകള്‍, നാണയ തുട്ടുകള്‍ തൊട്ടു തലോടലും തോണ്ടി വിളികളും എല്ലാം കിട്ടുന്നു കൂട്ടിനായി. നൊടിയില്‍ വന്ന പച്ച വെട്ടത്തില്‍ അകലുന്നിതാ വണ്ടികള്‍ കൂട്ടമായി വീണ്ടും ഒറ്റപ്പെടുന്നിതാ ഞാന്‍ അടുത്ത ചുവപ്പിനെ കാത്തുകൊണ്ട് . ജനിച്ചു വളര്‍ന്നു ഞാന്‍ തെണ്ടിയായി തെരുവില്‍ തെണ്ടുവാന്‍ പഠിപ്പിച്ചു നിങ്ങള്‍ മോചനം കാത്തു ജീവിക്കുന്നു എങ്കിലും ഭ്രഷ്ട് കല്‍പ്പിക്കുന്നു നിങ്ങള്‍ എന്നെ.

പ്രണയാവർത്തനങ്ങൾ

"ആദ്യപ്രണയം മറക്കാൻപറ്റാത്തത്‌"
"യഥാർത്ഥ പ്രേമം ഒരിക്കൽ മാത്രം"
ആരു പറഞ്ഞു?
ഞാൻപ്രണയിച്ചല്ലോ-
എത്രയൊ വട്ടം,
എത്രയോ പേരെ!

ഓരോ മുഖങ്ങളിലും-
അവളെ തിരഞ്ഞ്‌,
അവളുടെ ചിരി, അതേ സ്വരം,
അതൊക്കെയില്ലേ?
അവളുടെ കണ്ണുകൾ,അതേ നോട്ടം,
അതുമുണ്ടല്ലോ?
അവളിലെ തീയ്‌; മഞ്ഞും, നിലാവും?
അതുമുണ്ടാവണം.....

അല്ലെങ്കിൽ വേണ്ട!
അവളെ മറക്കാം;
അതാണെളുപ്പം,
ഇനിയൊരുവൾ വേണം-
അവളിലുള്ളത്‌-
ഒന്നുമില്ലാത്തവൾ,
അവളെയൊരിക്കലും-
ഓർക്കാതിരിക്കാൻ,
അതാണ്‌ വഴി!

ഓരോ തവണയും-
എന്റെ പ്രണയം പൂർണ്ണം,
മുഴുവൻ മനസ്സും കൊടുത്ത്‌,
പ്രാണൻ കൊടുത്ത്‌,
ചോര കൊടുത്ത്‌,
പിടഞ്ഞു പിടഞ്ഞ്‌,

എന്നിട്ടെന്ത്‌?
എല്ലാം മടുത്തു....
നഷ്ടങ്ങൾ മാത്രം..
എല്ലാം ആവർത്തനം,
കഴിഞ്ഞ കഥയുടെ-
മറ്റൊരു ലിപിയിൽ
പുനരാവർത്തനം......
അതങ്ങനെ തന്നെ.....
പുതുമയില്ലാത്തത്‌,
തനിമയില്ലാത്തത്‌,
വേഗം മടുക്കും.....
അതിനെന്ത്‌?
ഒന്നുമില്ല......
അതിലൊന്നുമില്ല!
പ്രണയം മാത്രം-
അതാണു വലുത്‌!
എനിക്കു പ്രണയിക്കണം-
മരണം വരെ......

അപ്പോൾ ഇനി എന്തു ചെയ്യാം?
ആവർത്തനങ്ങൾക്ക്‌-
വിട ചൊല്ലി വരാം,
വന്ന വഴി മുഴുവൻ
തിരികെ നടക്കാം,
ആദ്യത്തെ കളത്തിലേക്ക്‌.....
അവളവിടെയില്ല,
എങ്കിലും പോകാം,
അവൾ വരുമെന്ന്‌
കാത്തു കാത്തിരിക്കാം.....
വെറുതെ,യവളെ-
ഓർത്തു കൊണ്ടിരിക്കാം.....

അന്താരാഷ്ട്ര വനിതാദിനം

ശതവാര്‍ഷികത്തിന്റെ നിറവില്‍ അന്താരാഷ്ട്ര വനിതാദിനം കടന്നുവരുന്നു. ദേശത്തിന്റെ അതിര്‍ത്തികള്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് ഭാഷാ, ദേശ, സാമ്പത്തിക, രാഷ്ട്രീയ വൈവിധ്യങ്ങള്‍ മറന്ന് വനിതകള്‍ക്കായി ഒരു ദിനം. മാര്‍ച്ച് എട്ട് എന്ന ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓര്‍മകള്‍ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലമുണ്ട്. വ്യവസായകുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും കണ്ണീരും കൊണ്ട് വരിച്ച വിജയത്തിന്റെ കഥയുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യാവസായിക വളര്‍ച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴില്‍ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്. ചരിത്രത്തിന്റെ നാള്‍വഴി 1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് പാതയൊരുക്കിയത്. ടെക്‌സ്റ്റൈല്‍ ഫാക്ടറികളില്‍ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിച്ച് കുറഞ്ഞ ശമ്പളത്തിനും ദീര്‍ഘസമയത്തെ തൊഴിലിനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുള്ള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയര്‍ത്തിയപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. 1917-മാര്‍ച്ച് എട്ടിന് റഷ്യന്‍വനിതകള്‍ ഭക്ഷണത്തിനും സമാധാനത്തിനും വേണ്ടി നടത്തിയ സമരമായിരുന്നു മറ്റൊരു സംഭവം. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോള്‍ മാര്‍ച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല. ഈ സമരാഗ്‌നി ലോകമാകെ പടരാന്‍ പിന്നീട് താമസമുണ്ടായില്ല. വരും വര്‍ഷങ്ങളില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിത്തുടങ്ങി. 1907 ഫിബ്രവരി 28-ന് അമേരിക്കയിലെ സ്ത്രീ സമത്വവാദികള്‍ ആദ്യമായി വനിതാദിനം ആഘോഷിച്ചു. വിവിധ പ്രക്ഷോഭങ്ങളില്‍ ഭാഗമായ ആയിരക്കണക്കിന് വനിതകള്‍ അന്ന് ആദരിക്കപ്പെട്ടു. 1909 മാര്‍ച്ച് എട്ടിന് റഷ്യക്കാര്‍ വനിതാദിനം ആചരിക്കുകയും നാളിതുവരെ എല്ലാവര്‍ഷവും അന്നേദിവസം ദേശീയ അവധിദിനമായി ആചരിക്കുകയും ചെയ്തുവരുന്നു. 1910-ല്‍ ജര്‍മനിയിലെ വനിതാ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ക്ലാരാ സെറ്റ്കിന്‍ ആണ് അന്താരാഷ്ട്ര തലത്തില്‍ വനിതാദിനത്തിന്റെ പ്രാധാന്യം എന്ന ആശയം ആദ്യമായി കൊണ്ടുവന്നത്. അന്ന് 17 രാജ്യങ്ങളില്‍നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പങ്കുവെക്കപ്പെട്ട ഈ ആശയത്തിന് അപ്പോള്‍ത്തന്നെ അംഗീകാരം നല്‍കി. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം, ഇന്നേക്ക് നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് 1911-ല്‍ അന്താരാഷ്ട്രതലത്തില്‍ ഈ ദിനം ആചരിച്ചു. 1975-ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. മുദ്രാവാക്യം ഐക്യരാഷ്ട്രസഭ പുറത്തുവിടുന്ന മുദ്രാവാക്യമാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഓരോ അന്താരാഷ്ട്ര വനിതാ ദിനത്തിനും ഓരോ മുദ്രാവാക്യങ്ങളാണ് തയ്യാറാക്കപ്പെടുന്നത്. ആ വര്‍ഷം മുഴുവന്‍ അത് ലക്ഷ്യമാക്കിയുള്ള പ്രയത്‌നങ്ങളാണ് നടത്തുന്നത്. ഓരോ രാഷ്ട്രവും അവിടത്തെ സാഹചര്യത്തിനുതകുന്ന മുദ്രാവാക്യങ്ങള്‍ തയ്യാറാക്കുന്നതും പതിവാണ്. ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ-പരിശീലന രംഗത്ത് തുല്യത, സ്ത്രീകള്‍ക്ക് മാന്യമായ തൊഴിലിലേക്ക് മാര്‍ഗദര്‍ശനം എന്നതാണ് 2011-ല്‍ ഐക്യരാഷ്ട്രസഭ ലോകത്തിനുമുമ്പില്‍ വെച്ചിരിക്കുന്ന മുദ്രാവാക്യം. മൈമോസ നല്‍കുന്ന സന്ദേശം അന്താരാഷ്ട്ര വനിതാദിനത്തിന് ലോകമൊട്ടുക്ക് അംഗീകരിച്ച ലോഗോ ഉണ്ട്. എന്നാല്‍ വനിതാദിനത്തിന്റെ പുഷ്പമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് മൈമോസ എന്ന കുഞ്ഞുപൂവാണ്. ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് മൈമോസയ്ക്ക് വനിതാ ദിനത്തില്‍ പ്രചാരം കൂടുതലുള്ളത്. പുരാതന റോമില്‍ മാര്‍ച്ചിലായിരുന്നു പുതുവര്‍ഷപ്പിറവി. അക്കാലത്ത് പൂക്കുന്നതാണ് മൈമോസ പുഷ്പങ്ങള്‍. വനിതാദിനത്തില്‍ പുരുഷന്‍മാര്‍ ഭാര്യമാര്‍ക്കും അമ്മമാര്‍ക്കും പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കുമെല്ലാം മൈമോസ പുഷ്പങ്ങള്‍ നല്‍കുന്നത് ചിലരാജ്യങ്ങളില്‍ പതിവാണ്. 1946 കാലഘട്ടത്തില്‍ ഇറ്റലിയിലാണ് ഈ ചടങ്ങ് തുടങ്ങിയതെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. സ്ത്രീകള്‍ ബഹുമാനത്തിന്റെ ചിഹ്നമായി പരസ്​പരവും ഈ കുഞ്ഞുപൂക്കള്‍ കൈമാറാറുണ്ട്. മൈമോസയുടെ അഭാവത്തില്‍ മഞ്ഞനിറത്തിലുള്ള ചെറിയ പൂക്കള്‍ കൈമാറുന്നതും സാര്‍വത്രികമാണ്. 2011ല്‍ വനിതാദിനത്തിന്റെ ശതവാര്‍ഷികം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ പല ചോദ്യങ്ങളും ഉത്തരങ്ങളും ബാക്കിയാവുന്നു. കഴിഞ്ഞ ദശകങ്ങളില്‍ സ്ത്രീകള്‍ പല രംഗങ്ങളിലും ഉന്നതിയിലേക്കുയര്‍ന്നു. പലയിടങ്ങളിലും സമത്വം നിലവില്‍വന്നു. ഭരണഘടന സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുനല്‍കി. എങ്കിലും ദാരിദ്ര്യമനുഭവിക്കുന്ന ലോകജനതയുടെ മൊത്തം കണക്കില്‍ ഏറിയഭാഗവും സ്ത്രീകളാണെന്നുള്ള സത്യം ഇന്നും നമ്മുടെ മുമ്പിലുണ്ട്. ലോകമൊട്ടാകെയുള്ള 96 കോടിയിലധികം വരുന്ന അക്ഷരാഭ്യാസമില്ലാത്ത ജനതയുടെ മൂന്നിലൊന്ന് സ്ത്രീകളാണെന്നതാണ് സത്യം. പുരുഷന്മാര്‍ വാങ്ങുന്നതിലും 30-40 ശതമാനം കുറഞ്ഞ വേതനമാണ് പലരംഗത്തും സ്ത്രീകള്‍ക്ക് ഇന്നും ലഭിക്കുന്നത്. കൂടാതെ പീഡനത്തിന്റെയും ബലാത്കാരങ്ങളുടെയും ക്രൂരതകളുടെയും പട്ടികകള്‍ വേറെയും. ഈ വനിതാദിനത്തില്‍ നമ്മള്‍ ഓര്‍മ്മിക്കുന്ന മുഖങ്ങള്‍ ഏതൊക്കെയാവാം. ഇന്ത്യയുടെ പ്രഥമ വനിതാ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീലിന്റെയോ, ആദ്യ ലോക്‌സഭാ വനിതാ സ്​പീക്കറായ മീരാ കുമാറിന്റെയോ, ബയോകോണ്‍ ഇന്ത്യയുടെ സി.ഇ.ഒ കിരണ്‍ മജുംദാറിന്റെയോ, ബാറ്റ്മിന്റണ്‍ താരം സൈനയുടെയോ താരസുന്ദരിമാരുടെയോ അതോ ചെറുതുരുത്തിക്കടുത്ത് റെയില്‍വേട്രാക്കില്‍ മനുഷ്യമൃഗത്തിന്റെ അക്രമത്തില്‍ എരിഞ്ഞടങ്ങിയ സൗമ്യ എന്ന പെണ്‍കുട്ടിയുടെയോ? ഇന്ത്യ പോലൊരു രാജ്യത്ത് വനിതാദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. സ്ത്രീകളുടെ ഉന്നതിക്കായി ഇതുവരെ ചെയ്തതെന്തൊക്കെയെന്നതിന്റെ അവലോകനവും ഇനിയുമെന്തൊക്കെ ചെയ്യാനുണ്ടെന്നതിന്റെ ഓര്‍മ്മപ്പെടുത്തലുമാണ് ഈ ദിനം. വനിതാദിനമെന്നാല്‍ കഴിഞ്ഞുപോയകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും അടയാളപ്പെടുത്തലാണ്. ഇത് ഒരു ആഘോഷവേളയല്ല. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിനുമുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരമാണ്. ഇത് ഒരുദിവസത്തെമാത്രം അജന്‍ഡയുടെ ഭാഗമല്ല. ഒരു തുടര്‍ച്ചയുടെ തുടക്കമാണ്.

ആത്മവിശ്വാസമില്ലാത്ത സിംഹം

ആത്മവിശ്വാസമില്ലാത്ത സിംഹം തന്റെ ശൌര്യത്തെയും ഗര്‍ജ്ജനത്തെയും ഏറെ കുറവുകള്‍ നിരത്തി അനാദരിയ്ക്കും. കാടിന്റെ ബഹുമാനത്തിനു താനര്‍ഹനല്ലെന്നും കഴിവുള്ളവര്‍ ഭരിച്ചോട്ടെയെന്നും അമിത വിനയംകൊള്ളും. ഇണയ്ക്ക് വേണ്ടിയുള്ള മത്സരങ്ങളില്‍നിന്നും സ്വയം സൌന്ദര്യരാഹിത്യമാരോപിച്ചു ഒഴിഞ്ഞുനില്‍ക്കും ഇലയില്‍ ചിത്രമെഴുതുന്ന പുഴുക്കളെയും വലനെയ്യുന്ന ചിലന്തികളെയും അനായാസമിരപിടിയ്ക്കുന്ന കുഴിയാനകളെയും കണ്ടസൂയപ്പെടും. ആനയോടു നിനക്ക് പോരാടാനാകുമെന്നു ഉപബോധത്തില്‍ നിന്നും വിളിച്ചു പറയുന്ന ധൈര്യത്തെ പരിഹസിച്ചു മസ്തകം അനായാസം പിളര്‍ത്താമെന്ന് വിളിച്ചു പറയുന്ന കൈകളില്‍ ശോഷണമാരോപിച്ചു വിശ്വാസത്തിലെടുക്കില്ല. മടക്കും . ദൃഡമായ മാംസം കടിച്ചു കീറാമെന്നു പറയുന്ന പല്ലുകളെ പരിഹാസത്തോടെ നാവുകൊണ്ട് ഉഴിഞ്ഞു ചിരിയ്ക്കും. ഒന്നിലും വിശ്വസമില്ലാഞ്ഞു ഗര്‍ജ്ജിച്ചുകൊണ്ട്‌ നിരാശയോടെ പാറയിലാഞ്ഞാഞ്ഞു പ്രഹരിയ്ക്കും. മരങ്ങളിലും കുന്നുകളിലും നിന്ന് പക്ഷിമൃഗാദികള്‍ അവനാഞ്ഞു പ്രഹരിച്ച് പിളര്‍ത്തിയ പാറകണ്ട് വണങ്ങി നില്‍ക്കുമ്പോഴും... അത് പ്രകൃതിശക്തിയുടെ വൈഭവമെന്നു എല്ലാരോടുമുറക്കെ പറഞ്ഞു ആകാശത്തെ കൈകൂപ്പി ജാള്യതയോടെയവന്‍ ഗുഹയിലേയ്ക്കുള്‍വലിയും.

ഭാഷ

കുഴങ്ങിടാതെ നല്ലശീലെഴുതിയിന്നു ചൊല്ലുവാന്‍
പഠിച്ചിടേണം നല്ലഭാഷ കൈരളിയ്ക്കു തുല്യമില്ല,
അംഗമാകെ ഭൂഷണങ്ങള്‍ ചാര്‍ത്തിവന്ന ദേവതേ ,-
യെന്റെ തൂലികയ്ക്കുനല്‍കൂ വാക്കിനാലനുഗ്രഹം .

തെല്ലുമില്ല ഹുങ്കെനിയ്ക്കു ശിശുവാണതോര്‍ക്കണേ, -
യമ്മതന്നെ വേണമെന്നും കാവ്യജീവിതത്തിനായ്,
ശുദ്ധമായ പാലുപോല്‍ ചുരത്തു വാണിയെന്നുമേ
കരഞ്ഞിടുന്ന പിള്ളയായ് കരുതി വേഗമേകണേ.

മറവി


എന്നെക്കുറിച്ചൊന്നു-
മെഴുതാത്തതെന്തെന്ന
പരിഭവപം ചോരും പൂമിഴിയില്‍
എങ്ങനെ ഞാനെഴുതും നിന്നെക്കുറി-
ച്ചെല്ലാം നീ തന്നെയല്ലേ
എല്ലാം നീ തന്നെയല്ലേ...

ഞാനുമെന്‍ കവിതയും
ഇക്കുളിര്‍ വാക്കു
മിത്തിരി വെട്ടവും
കടപുഴക്കുന്ന സ്വപ്‌നവും
തുടിക്കുന്ന ഹൃദയവും
എല്ലാം നീ തന്നെയല്ലേ...

എല്ലാം നീ തന്നെയാകി, ലെന്തു
ഞാ,നിത്താളില്‍ കുറിക്കേണ്ടു
എന്നോര്‍ത്ത്
എന്നോര്‍ത്തെല്ലാം-
മറന്നാപ്പരിഭവപ്പൂമിഴി
നോക്കിയിരുന്നെല്ലാം
മറന്നേപോയ് !

സമസ്യ

വൃത്തശാസ്ത്രമാം ചായം യുക്തിതന്‍ തൂവല്‍മുക്കീ ട്ടെത്രയോ സമസ്യതന്‍ ശീലുകള്‍ രചിച്ചു ഞാന്‍. ആയെനിക്കായാസമീ ജ്ജീവിതസ്സമസ്യത- ന്നാഴമൊന്നളക്കുവാന്‍-കാര്യകാരണം കോര്‍ക്കാന്‍, താന്‍ കുഴിച്ചിടും കുണ്ടില്‍ താന്‍സ്വയം കുടുങ്ങമെ- ന്നാര്‍ത്തു പാടിയോര്‍ നമ്മള്‍ തിരുത്തിക്കുറിക്കണോ ഞാന്‍ നിനച്ചിടാക്കുറ്റം നാലുപേര്‍ പരത്തുകില്‍ ഞാനുറങ്ങിലും നെഞ്ചില്‍ തറയ്ക്കാം വിഷാസ്ത്രങ്ങള്‍ നീതിബോധവാനെന്നും കണ്ടറിഞ്ഞീടുന്നെന്ന നീതിസാരമുള്‍ക്കൊള്ളും സമസ്യേ തോല്ക്കുന്നു ഞാന്‍ മണ്‍തരിക്കാറ്റെന്‍ കണ്ണില്‍ നൊമ്പരം വീഴ്താനാഞ്ഞാല്‍ അന്‍പില്‍ നീ മൊഴിഞ്ഞിടും പൂട്ടുവാന്‍ കണ്‍പോളകള്‍ ഇത്രമേല്‍ രക്ഷിക്കും നീയെന്തിനായശക്തരെ തച്ചുകീറുന്നു ? വക്ര ദംഷ്ട്രയാലശിക്കുന്നു ? ക്രൌര്യമേറിടും മുഖം കാട്ടി നീ വിറപ്പിക്കാന്‍ ധൈര്യമാരുതന്നുവോ ! സമസ്യേ തോല്ക്കുന്നു ഞാന്‍ നിന്റെ നാമത്തില്‍ മതം കിളിര്‍ത്തു ക്ഷേത്രങ്ങളും നൊന്തുപ്രാര്‍ത്ഥനക്കൊപ്പം മനസ്സില്‍ വിശുദ്ധിയും ഉയരാന്‍ ജജന്മം കൊണ്ടുമതങ്ങള്‍, പക്ഷേ തമ്മില്‍ തലകള്‍ ക്കൊയ്യാന്‍ വെമ്പല്‍ ? സമസ്യേ തോല്ക്കുന്നു ഞാന്‍ പൊന്നുകാച്ചിടും മരം കരിഞ്ഞോ ? ക്ഷേത്രത്തിന്റെ പൊന്നുതാഴികക്കുടം ചരിഞ്ഞോ ദയാമയേ എങ്ങുനീ നയിക്കുന്നു വംശനാശമാം സര്‍ഗ്ഗം മുന്നമേ വരച്ചുവോ പ്രളയാബ്ധിതന്‍ താളില്‍ കാശിയും വത്തിക്കാനും മക്കയും സിരാവ്യൂഹ മാക്കിയും മസ്തിഷ്കമായ് നീയിരിക്കയും ചെയ്കില്‍, ഭാഷ, ജാതി ദേശങ്ങള്‍ ക്കപ്പുറം തിളങ്ങുന്നൊ- രാര്‍ഷ ഭൂവുണര്‍ന്നിടും നീയതിന്‍ മതാദ്ധ്യക്ഷന്‍ ഞാന്‍ നിനയ്ക്കുമ്പോള്‍ കൊല്ലാം, ജനനം നല്കാം, ചാകാം ഞാന്‍ നിനയ്ക്കുമ്പോള്‍ സ്വയം ജനിക്കാനുവുന്നില്ല ഞാന്‍ ജനിപ്പിക്കില്‍പ്പോലും മേധയൊട്ടറിഞ്ഞല്ല മേനിനെയ്തും ചേലില്‍ പ്രാണനൂതി വിട്ടതും മാങ്കനിത്തോപ്പില്‍ തൈകള്‍ നട്ട ഞാനറിഞ്ഞില്ല മാധുര്യം ചുണ്ടില്‍ തേയ്ക്കാനാളു വന്നുപോയതും എന്നിരിക്കെ ഞാനെന്തേ കുറിപ്പു സധൈര്യമെന്‍ പൊന്നുഷസ്സേ നീ ചൊല്ലു സമസ്യേ തോല്ക്കുന്നു ഞാന്‍. ലൌകികസുഖങ്ങളെ വീണ്ടുമൊന്നൂറാന്‍ വരാന്‍ കൌതുകും തുടുപ്പോരെ യകറ്റാന്‍ യതീന്ദ്രന്മാര്‍ പാടിടുന്നുവോ പുനര്‍ജന്മമേ പാടില്ലെന്ന ഗാനമിന്നസൂയയാല്‍, മുന്തിപിപ്പുളിപ്പുപോല്‍ ഇത്ര ദൂരത്തില്‍ പോയി മാനസസരസ്സിന്റെ മിത്മാകണോ വേണ്ട, കാമധേനുവും വേണ്ട ഇത്തിരദൂരം ബാക്കി, മുറ്റത്തു നില്ക്കും പൂത്ത മുക്കുറ്റിമുല്ലേ നീതാന്‍ സൌഭാഗ്യം ! സ്ഥിരോത്സാഹം ! മായയല്ലെനിക്കെന്റെ യിന്ദ്രിയങ്ങളില്‍ തങ്ങും ദൃശ്യശ്രവ്യ സൌഖ്യവും സ്പര്‍ശനസുഖങ്ങളും മുന്തിരിത്തോപ്പും, മാവും, ഗന്ധകക്കാടും രക്ത ചന്ദനത്തരുക്കളും കുങ്കുമപ്പൂവും മാന- ത്തിന്ദുലേഖയും, താഴെച്ചോലയും, കൊഞ്ചുംകിളീ സുന്ദരസ്വനങ്ങളും സ്വപ്നമേകിടും രാവും മായയെന്നോതില്ലഞാന്‍ മാതൃ ഗോളവക്ഷസ്സില്‍ ക്ഷീരമൂറിടും ചോല, ജീവിതം സ്വര്‍ഗ്ഗം ! സ്വര്‍ഗ്ഗം !

ഞാന്‍




ആത്മാര്‍ത്ഥത, ആത്മവഞ്ചന നടത്തുമ്പോള്‍,
ബന്ധങ്ങള്‍ കെട്ടുറപ്പില്ലാതെ പോകുമ്പോള്‍,
നാം ആരെയോ, നോക്കി നെടുവീര്‍പ്പിടുന്നു!
മാതാവിനെ തന്നെയാണോ............
ഉദരം തന്നു സ്നേഹിച്ചതിനോ?
ഉദരപൂരണം നടത്തിയതിനോ?
രക്തം പങ്കുവച്ചതിനോ?
ജീവനായി കരുതിയതിനോ?
ജന്മം തന്നത് പിതാവെങ്കില്‍,
അതിന് ഞാന്‍ നന്ദി പറയണമോ......
പിതാവിന്റെ ജീവനില്‍ ഞാന്‍,
എന്നെ കാണുന്നു...
എന്നില്‍ എന്റെ പിതാവിനേയും...
പിന്നെ ഞാനാരാണ്?
പകുത്തു വയ്ക്കാന്‍ എന്നില്‍,
ഇനിയെന്താണുള്ളത്?
ഞാനെന്ന മിഥ്യ എന്നെ നോക്കുമ്പോള്‍,
ഞാന്‍ ഞാനല്ലാതാകുന്നു!
എനിക്ക് അസ്തിത്വമില്ല!
ഞാന്‍ ദിശനോക്കാതെ അലയുന്ന,
ആത്മാവു മാത്രം!!!

വർണവൃത്തങ്ങൾ



വീടു വൃത്തത്തിലോ ചതുരത്തിലോ തരം പോലെ പണിയാം. പക്ഷെ അടിത്തറയുണ്ടാവണം
മലയാള കവിതാ ബ്ലോഗിലെ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഗുണപ്പെടും എന്ന ഉത്തമ വിശ്വാസത്തോടെ
ഒരു ആമുഖം - കവിതയെഴുത്തിന്റെ അടിത്തറയെപറ്റി..

സാഹിത്യത്തിലെ പ്രധാനപ്പേട്ട രണ്ട് ശാഖകളാണു ഗദ്യവും പദ്യവും
ഇതില്‍ വിശിഷ്ട ശബ്ദാലങ്കാരങ്ങളുടെ സമൂഹമായ പദ്യം വൃത്ത നിബദ്ധമാണു്‌
പദ്യത്തില്‍ അക്ഷരങ്ങള്‍ വിന്യസിച്ചിരിക്കുന്ന രീതിയ്ക്ക് വൃത്തമെന്നു പറയുന്നു.

അതായത് , കൃത്യമായ അക്ഷരങ്ങള്‍ ചേര്‍ന്ന ഒരു പാദം (കാല്‍ !), പാദത്തിലെ കൃത്യമായ ഗുരു ലഘു വ്യ വസ്ഥ, യതി എന്നിവ അനുസരിച്ചു വരികള്‍ ഉളവാക്കുന്ന ഈണവും താളവും ഇമ്പവും ...!

വൃത്തം രണ്ടു വിധമുണ്ട് ....ഭാഷാ വൃത്തങ്ങള്‍ ,സംസ്കൃത വൃത്തങ്ങള്‍ എന്നു്‌ അവയെ തിരിയ്ക്കാം

1. ഓമന തിങ്കള്‍ ക്കിടാവോ - നല്ല
കോമള ത്താമര പ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ - പരി-
പൂര്ണ്ണെന്തു തന്റെ നിലാവോ?
പുത്തന്‍ പവിഴക്കൊടിയോ -ചെറു
തത്തകള്‍ കൊഞ്ചും മൊഴിയോ?
ചാഞ്ചാടിയാടും മയിലോ - മൃദു
പഞ്ചമം പാടും കുയിലോ?
(ഭാഷാ വൃത്തം താരാട്ട് )

2. പാലൊത്തെഴും പുതു നിലാവിലലലം ​കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലന്യേ
നീ ലീലപൂണ്ടിളയമൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍
(സംസ്കൃത വൃത്തം വസന്ത തിലകം)

ഈരടികള്‍

മുകളില്‍ രണ്ടു കവിതാ ശകലങ്ങള്‍ . ഒന്നാമത്തേതൊരു ഇരുകാലി. ഈരടികളായി നടന്നു നടന്നു മുന്നേറുന്നു. ഇനിയും പോകാനുണ്ടു ലക്ഷ്യത്തിലേക്ക് ...അനുവാചകനും പുറകെ പോവും ആ നടത്തം മനോഹരമാണെങ്കില്‍ . എവിടെ എത്തി നില്ക്കുമെന്നു കാണുവാന്‍ . ഇതു മലായള വൃത്തം താരാട്ട് ...
"പ്രായേണ ഭാഷാ വൃത്തങ്ങള്‍ തമിഴിന്റെ വഴിയ്ക്കുതാന്‍
അതിനാല്‍ ഗാനരീതിയ്ക്കു ചേരുമീരടിയാണിഹ "

എന്നു വൃത്തമഞ്ജരിയില്‍ പറയുന്നു. മലയാളം ദ്രാവിഡവര്ഗ്ഗത്തില്‍പ്പെട്ട ഒരു ഭാഷയായതിനാല്‍ തമിഴിനുള്ളപോലെ അതിനും സ്വന്തമായൊരു കവിതാരീതി ഉണ്ടെന്നാണിതിനര്‍ത്ഥം . ഭാഷാ വൃത്തങ്ങളെല്ലാം ഗാനത്മകമായിരിയ്ക്കും .

സംസ്കൃത വൃത്തങ്ങള്‍ നാലു പാദങ്ങളില്‍ ശ്ലോകമായി നില്ക്കുമ്പോള്‍ രണ്ടു പാദങ്ങളുള്ള ഈരടികളായി നില്ക്കുന്നു ഭാഷാവൃത്തങ്ങള്‍ .

ശ്ലോകം

രണ്ടാമത്തേതൊരു നാല്ക്കാലി...ഇരു കാലിലുയര്ന്ന് അധിക നേരം നില്ക്കുവാനാവില്ല .നാലുകാലും നിലത്തു കുത്തിയാലേ നിലനില്പുള്ളു. അങ്ങനെ നാലുകാലും നിലത്തുകുത്തി നില്ക്കുമ്പോള്‍ അതിനൊരു പൂര്‍ണ്ണതയും ചന്തവും കൈവരുകയും ചെയ്യും ....സംസ്കൃത വൃത്ത നിബദ്ധമായി എഴുതുന്ന ഇത്തരം നാല്ക്കാലികളെ മാത്രം ശ്ലോകങ്ങളെന്നു വിളിയ്ക്കുന്നു..

ശ്ലോകത്തില്‍ ഒരന്വയം പൂര്‍ണ്ണമായിരിയ്ക്കും . ഈരടികളില്‍ ഒരന്വയം പൂര്‍ണ്ണമാകണമെന്നു നിര്ബന്ധമില്ല . ഭാഷാ വൃത്തങ്ങള്ക്ക് ഇത്രയടി ശീലുകളെന്ന കൃത്യതയില്ല . അന്വയം നിര്‍ത്തുന്നതെവിടെ വേണമെങ്കിലുമാവാം ... ഈ ശിലുകള്‍ ശ്ലോകം പോലെ ഒറ്റ തിരിഞ്ഞു നില്ക്കുകയില്ല . അവ തുടര്‍ച്ചായപ്രവാഹം പോലെയാണു ...

.ഒരു ശ്ലോകത്തിലെ വാക്കുകളെ യുക്തമായ വിധത്തില്‍ ബന്ധിപ്പിക്കുന്ന പ്രക്രിയയേയാണു അന്വയം എന്നു പറയുന്നത്‌. ഒരു ശ്ലോകത്തില്‍ തന്നെ അന്വയപൂര്‍ത്തിയും ആശയപൂര്‍ത്തിയുംവരുകയാണെങ്കില്‍ അതിനെ മുക്തകം എന്നും പറയുന്നു

മുക്തകങ്ങള്‍ക്കുദാഹരണം നോക്കുക

കണ്ടീടനുണ്ടെളുപ്പം കളകമലദളക്കണ്ണനാമുണ്ണിയേ നാം
തെണ്ടേണ്ടാ നാടു തോറും ഗുരുപവനപുരത്തിങ്കലും ചെന്നിടേണ്ടാ
ഉണ്ടോ പൈമ്പാലൊരല്പം, മതിമതിയതു നാമുള്ളില്‍ വയ്ക്കേണപ്പോള്‍
കണ്ടീടാം കള്ളനെത്തും കൊതിയനതു കവര്‍ന്നുണ്ണുവാന്‍ മെല്ലെ മെല്ലേ !

(സംസ്കൃത വൃത്തം സ്രദ്ധര - കുഞ്ഞുണ്ണിമാഷ് )

കത്തിപ്പൊട്ടിപ്പൊരിഞ്ഞപ്പൊരികനല്‍ ചിതറും പട്ടടത്തീയിലമ്പോ!
നൃത്തം തത്തിക്കളിക്കെ,പ്പടകലികയറി പ്രോഗ്രഹാസം മുഴക്കേ
ഞെട്ടിത്തൊട്ടില്‍ക്കകത്തിങ്ങലമുറയിടുമിപ്പേടി മാറത്തപാവം-
കുട്ടിക്കമ്മിഞ്ഞയേകാന്‍ വരിക ദയചുരന്നെന്‍ പെരും കാളിയമ്മേ.

(സംസ്കൃത വൃത്തം സ്രദ്ധര - ബാലചന്ദ്രന്‍ ചുള്ളിക്കാട് )


പദ്യവും വൃത്തവും

വാക്യഗതിയെ നമുക്കു പദ്യമെന്നും ഗദ്യമെന്നും രണ്ടായി തരം തിരിക്കാം.താളബദ്ധമായ ഭാഷ പദ്യം.നിയതമായ താളക്രമമില്ലാത്തവ ഗദ്യം. വൃത്തബദ്ധമോ സംഗീതാത്മകമോ ആയ ഭാഷയ്ക്കു നിയതമായ ഒരു താളമുണ്ടാവും. ക്രമമായ ആരോഹണ അവരോഹണത്തോടെ അതു തുടങ്ങിയിടത്തു തന്നെ വന്നു നില്‍ക്കുകയും ചെയ്യുന്നു.പിന്നേയും തുടരുന്നു.അതായതു ഒരു ചക്രം വ്യവസ്ഥിത സംഖ്യയിലും വേഗക്രമത്തിലും ഒരു വട്ടംപൂര്‍ത്തിയാക്കുന്ന അതേപ്രക്രിയ തന്നെയാണു പദ്യത്തില്‍ വൃത്തവും ചെയ്യുന്നത്‌.ചക്രത്തിന്റെ ആകൃതി വട്ടമാണ്‌,വൃത്തമാണ്‌.കാലനിര്‍ണ്ണയത്തിനും ഈ ആകൃതിയാണു.അതു കൊണ്ടാണ്‌ നമ്മള്‍ കാലചക്രം, രാശിചക്രം,ആഴ്ചവട്ടം, വ്യാഴവട്ടം എന്നൊക്കെ പറയുന്നത്‌.

വൃത്തം പദ്യത്തിനു താളാത്മകത കൊടുക്കുന്നു.പദ്യത്തിനു ഈ താളക്രമമുള്ളതിനാല്‍ അത്‌ ശ്രവണ സുന്ദരമാവുന്നു.രസനിബദ്ധമാവുന്നു. ഇങ്ങനെ സുന്ദരമായി പദ്യം നിര്‍മ്മിയ്ക്കുന്നതിന്‌ നാം ഉപയോഗിക്കുന്ന തോതാണ്‌ വൃത്തം..പദവിന്യാസത്തിലുള്ള താളവും ഔചിത്യവും വഴി പദ്യം നമ്മളില്‍ കൗതുകം,ആനന്ദം,വിസ്മയം എന്നിവ ജനിപ്പിക്കുകയും ചെയ്യുന്നു.

ഛന്ദസ്സ്‌

പദ്യത്തിന്റെ .ഒരു പാദത്തില്‍ വേണ്ടുന്ന നിശ്ചിത എണ്ണം അക്ഷരങ്ങളുടെ കൂട്ടത്തേയാണു ഛന്ദസ്സ്‌ എന്നു പറ്യുന്നത്‌..


മാത്ര,ലഘു,ഗുരു.
വൃത്തശാസ്ത്രത്തില്‍ സ്വരങ്ങളേയും സ്വരങ്ങള്ചേര്ന്ന വ്യഞ്ജനങ്ങളേയും മാത്രമേ അക്ഷരങ്ങളായി കണക്കാക്കാറുള്ളു. .എന്നാല്‍ ചില്ലുകള്‍ അക്ഷരങ്ങളായി കണക്കാക്കപ്പെടുന്നില്ല. ഓരോ അക്ഷരവും ഉച്ചരിയ്ക്കുവാന്‍ വേണ്ടി വരുന്ന ശ്വാസ ധാരയുടെ ഏറ്റവും ചെറിയ അളവിനേയാണ് മാത്ര എന്നു പറയുന്നത്. അക്ഷരങ്ങളേ മാത്രയുടെ അടിസ്ഥാനത്തില്‍ ലഘുവെന്നും ഗുരുവെന്നും തിരിക്കുന്നു.ഒരു മാത്രയില്‍ ഹ്രസ്വമായി ഉച്ചരിക്കുന്നവയേ ലഘുവെന്നും രണ്ടു മാത്രയില്‍ ദീര്ഘമായി ഉച്ചരിക്കുന്നവയെ ഗുരുവെന്നും പറയാം.എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ ലഘുവിനേയും ഗുരുവായി കണക്കാക്കേണ്ടി വരും. തീവ്രതയോടുകൂടി ഉച്ചരിക്കുന്ന ചില്ലുകളും കൂട്ടക്ഷരങ്ങളും,അനുസ്വാരം,വിസര്ഗ്ഗം എന്നിവയോ പുറകില്‍ വന്നാല്‍ മുമ്പിലുള്ള ലഘു ഗുരുവായി മാറും.
പദ്യത്തിന്റേ പദങ്ങളുടെ അവസാനംവരുന്ന ലഘുവിനെ ലഘുവായോ ഗുരുവായോ യുക്തംപോലെ കണക്കാക്കാം

ഗണങ്ങള്‍

ഒരു പദ്യത്തിന്റെ പാദത്തിലെ തുടര്ച്ചയായ മൂന്നു അക്ഷരങ്ങള്‍ ചേരുന്നതാണു ഒരു ഗണം.
ലഘുവിന് ഒരു മാത്രയും ഗുരുവിന് രണ്ടു മാത്രയും വരുന്നതിനാല്‍ 1,2 എന്നീ അക്കങ്ങള്‍ 3 പ്രാവശ്യമെഴുതുമ്പോള്‍ 8 തരത്തില്‍ വിന്യസിക്കാം.

122.......ആദിലഘു...........യഗണം......​..വിമാനം
212.......മദ്ധ്യലഘു...........രഗണം........​.....മാധവം
221.......അന്ത്യലഘു..........തഗണം.......​.....പൂങ്കോഴി
211.......ആദിഗുരു...........ഭഗണം.....​.........കാലടി
121.......മദ്ധ്യഗുരു............ജഗണം​.............പതാക
112.......അന്ത്യഗുരു...........സഗ​ണം............കരുതാം
222......സര്‍വ്വ ഗുരു..........മഗണം.............രാരീരം
111.......സര്‍​വ്വ ലഘു..........നഗണം .........പലക

"യമാതാരാജഭാനസ" എന്ന സൂത്രവാക്യമുപയോഗിച്ച് ഗണനിര്ണ്ണയം നടത്താവുന്നതാണ്.
തുടര്ച്ചയായ മൂന്നക്ഷരം എടുത്ത് ഗണം തിരിച്ചാല്‍ ആദ്യക്ഷരം ആ ഗണത്തേ സൂചിപ്പിക്കുന്നു.

യമാതാ...ആദ്യലഘു....യഗണം
രാജഭാ....മ​ദ്ധ്യലഘു....രഗണം
നസയ......സര്‍വ്വ ലഘു..നഗണം

ഈ 8 ഗണങ്ങള്‍ വിവിധ തരത്തില്‍ പാദങ്ങളില്‍ വിന്യസിക്കുമ്പൊള്‍ പാദങ്ങള്‍ക്കു ഒരു താളവും ക്രമവും ലഭിക്കുന്നു, വിവിധ വൃത്തങ്ങള്‍ രൂപം കൊള്ളുന്നു.


ഒരു വരിയില്‍ അക്ഷരസംഖ്യ കൂടുമ്പോള്‍ ഇടക്കൊരു നിറുത്ത് ആവശ്യമായി വരും.ഒരോവരിയും അവസാനിക്കുമ്പോഴും ഈ നിറുത്ത് അല്ലെങ്കില്‍ വിരാമം ഉണ്ടാവണം.ഈ വിരാമത്തിനാണ് “യതി” എന്നു പറയുന്നത്.കൈകാലുകളിലെ മുട്ടുകളിലെ ഒടിവുപോലെയാണ് പദ്യപാദങ്ങളിലെ യതിയെ കണക്കാക്കാവുന്നത് .

ഇത്രയും ആമുഖം
മലയാള കവിത

മൌനം


വികാരങ്ങളെ ഒന്നൊന്നായ് കുടിയൊഴിപ്പിച്ച്

മനസ്സില്‍ മൌനം കുടിയേറിപ്പാര്‍ത്തിരിക്കുന്നു.

അകത്തളങ്ങള്‍ മരവിപ്പിട്ടു തുടച്ചുമിനുക്കിയും

പരിസരം ശൂന്യത നട്ടുപിടിപ്പിച്ചും അലങ്കരിച്ചു.



അയല്‍വാസികള്‍ പുകഴ്ത്തി; അവിടമിപ്പോള്‍

സന്തോഷക്കിളികള്‍ ശല്യമുണ്ടാക്കി കലപിലകൂട്ടാറില്ല.

അകത്തളങ്ങളില്‍ ദു:ഖം തുളുമ്പിവീണു നനയാറില്ല.

ചുവരുകളില്‍ പരിഭവങ്ങള്‍ ചിതറിത്തെറിക്കാറില്ല.

അടുക്കളയില്‍നിന്ന് കോപം വെന്ത മണമുയരാറില്ല.



ഉള്ളില്‍പ്പോലും 'അമ്മേ' എന്നുവിളിച്ച്
മൂകതയുടെ മിനുസമേറിയ വക്കുടയ്ക്കാതെ,

അമ്മയുടെ നിലാച്ചിരിയില്‍ മിഴിയുടക്കാതെ,

അവരുടെ തെന്നല്‍ക്കൈയില്‍ മെയ്യുടക്കാതെ,

വാതിലുകളും ജനലുകളും കൊട്ടിയടച്ച്,

മഞ്ഞുവീണ മേല്‍ക്കൂരയ്ക്കു താഴെ

മൌനം ആലസ്യത്തോടെ ഉറങ്ങി.

ഉന്മാദികള്‍



ഉന്മാദികള്‍ ചിലര്‍ രാജ്യസ്നേഹത്താല്‍;
ഉന്മാദികള്‍ ചിലര്‍ സിംഹാസനത്തിനായ്;
ഉന്മാദികള്‍ ചിലര്‍ ദൈവനാമത്തില്‍;
ഉന്മാദികള്‍ ചിലര്‍ സമ്പത്തിനോടും;
ഉന്മാദികള്‍ ചിലര്‍ ഹിംസയില്‍; കാമത്തില്‍;
ഉന്മാദികള്‍ പുളഞ്ഞാര്‍ക്കുന്ന ഗര്‍ത്തം!

മനീഷയുടെ രക്തമവരൂറ്റിക്കുടിക്കുന്നു;
മനസ്സിന്‍റെ കനിവുറവ വറ്റി വരളുന്നു;
ഘോരാന്ധകാരം പടര്‍ത്തുന്നു സ്വാര്‍ഥത;
നമ്മളോ, കരകേറാനാകാതെ പിടയുന്നു!

പിറന്നോരു ചെറുപിടി മണ്ണിന്നതിരിട്ടു!
പിറന്നൊരീ പ്രപഞ്ചത്തിന്നതിരെങ്ങാനുണ്ടോ?
ഞെരിച്ചമര്‍ത്തീടാനായ് തേടുന്നധികാരം!
സ്നേഹത്തിന്‍ ശക്തിയാല്‍ വിജയിക്കാനറിയാഞ്ഞോ?
സമത്വം പഠിപ്പിച്ച മതങ്ങളാല്‍ കലഹിപ്പൂ!
സന്ധിയാല്‍ നഷ്ടമാം നേട്ടങ്ങളോര്‍ത്തിട്ടോ?
ദാരിദ്ര്യം വെല്ലുവാന്‍ വെട്ടിപ്പിടിച്ചേറെ!
യാചിക്കും ദൈന്യത കേള്‍ക്കാതെ പോകുന്നോ?
പേടിയകറ്റുവാന്‍ ഹിംസകള്‍ തുടരുന്നു!
ശാന്തിയുദ്ധത്തിന്നു ധൈര്യമില്ലാഞ്ഞോ?
ബലമായ്‌ തോല്പിച്ചു തീര്‍ക്കുന്നു കാമം!
തീക്ഷ്ണമാം പ്രേമത്തിന്‍ ദാരിദ്ര്യംകൊണ്ടോ?

തള്ളിയിട്ടതാരീയഗാധഗര്‍ത്തത്തില്‍,
അനുതാപം ശുഷ്കിച്ച മരണക്കിണറ്റില്‍?
ശാന്തിക്കായ്, പൂര്‍വികര്‍തന്‍ ദീര്‍ഘദര്‍ശനം,
പിഴയായ് ഭവിച്ചപ്പോള്‍ കാലിടറിവീണതോ?
നിയമങ്ങള്‍ തീര്‍ക്കും വിലക്കുകള്‍ മുതലാക്കി
ഇവിടേക്കെറിഞ്ഞത് കുടിലസഹജീവിയോ?

കവിതകള്‍...സംഗീതത്തിന്റെ ആത്മാവു....


വരമൊഴിക്കു മുന്‍പുണ്ടായിരുന്ന വാമൊഴിയിലാണു, പ്രണവമന്ത്രവും, സംഗീതവും ഉത്ഭവിച്ചതെന്നു വേദങ്ങളും ഇതിഹാസങ്ങളും ഉല്‍ബോധിപ്പിക്കുന്നു. വാമൊഴി സംഗീതമാകണമെങ്കില്‍, അതില്‍ വരമൊഴി കടന്നു കൂടാതെ നിര്‍വാ‍ഹമില്ല.

അങ്ങനെ കവിതകള്‍ രചിക്കുന്നവര്‍ ഉണ്ടായി. രാമായണം ഇത്തരത്തില്‍ രചിക്കപ്പെട്ടതാണു. കലാകാലങ്ങളായി കവിതകള്‍ ജനഹൃദയങ്ങളിലേക്കു പകര്‍ന്നപ്പോള്‍‍ ,അതിനു ചില നിബന്ധനകള്‍ ഉടലെടുത്തു. വൃത്തം, അലങ്കാരം, ആദിയായവ. മലയാള ഭാഷയുടെ ഈ ശാഖയെ പരിപോഷിപ്പിച്ച അനേകം കവികളെ ഇങ്ങനെ നാം ഓര്‍മ്മിക്കുന്നു.

വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു വിവാദം ഇപ്പോഴും സംശയാലുക്കളുടെ ഉള്ളില്‍ നിന്നും മറ നീക്കി പുറത്തു വന്നിരിക്കുന്നു.” കവിതയുടെ കൂമ്പ് അടഞ്ഞുപോയി.അതിനു ദര്‍ശനം ഇല്ല. പഴകിച്ചുളിഞ്ഞ വാക്കുകള്‍ ഉപയോഗിച്ചു ആളുകള്‍ വീണ്ടും വീണ്ടും കവിതകള്‍ രചിക്കുന്നു” എന്നും മറ്റും, അഗ്രാസനത്തില്‍ കയറി ഇരുന്നു കൊണ്ടു ബ്ലോഗുകളില്‍ എഴുതുന്നു. ഈ അറിവിന്റെ ഉറവിടം എവിടെ എന്നു മനസിലാകുന്നുമില്ല. അതു എഴുതുന്ന ഭാഷ തന്നെ വളരെ ക്ലിഷ്ടമായും...

കവിതയാകട്ടെ, കഥയാകട്ടേ, ലേഖനങ്ങള്‍ ആകട്ടെ, വരമൊഴിയില്‍ രചിക്കുന്ന എന്തായാലും, അതു അനുവാചക ഹൃദയങ്ങളില്‍ ആഹ്ലാദം പകരുന്നെങ്കില്‍, അതെഴുതിയ വ്യക്തിയും,അതു വായിച്ച വ്യക്തിയും സംതൃപ്തി നേടുന്നുണ്ട്. എഴുതുന്നതും, വായിക്കേണ്ടതും എന്തെന്നു തീരുമാനിക്കേണ്ടതും ആസ്വദിക്കേണ്ടതും തികച്ചും വ്യക്തിഗതങ്ങളായ കാര്യങ്ങള്‍‍ തന്നെ. അതില്‍ ആവശ്യപ്പെടാതെ അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും കലര്‍ത്തി കലുഷിതമാക്കാന്‍ ഇടയാകരുതു. എഴുതുന്നവര്‍ എഴുതട്ടെ... വായിക്കേണ്ടവര്‍ വായിക്കട്ടെ. നേരിട്ടു വല്ലതും പറയാനുണ്ടെങ്കില്‍, അതു വ്യക്തിപരമാണെങ്കില്‍ ‍വ്യക്തിപരമായി ത്തന്നെ പറയുക. അതിനു ബ്ലൊഗ് ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ! അല്ലാതെ ചെയ്യുന്നതെല്ലാം പരിഹാസ്യമാകുകയേ ഉള്ളു. എവിടെയും ഒരു പെരുമാറ്റച്ചട്ടത്തിനു വിധേയരാണു എല്ലാവരും. തത്വദീക്ഷ ഇല്ലാതെ എന്തും എഴുതിവിടുന്നതു കഴിയുന്നതും ഒഴിവാക്കുക. ഇവിടെ പ്രോത്സാഹനം വേണ്ടയിടത്തു, നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുന്നതു അരോചകമായി ഭവിക്കുന്നു. ഇതു വ്യക്തി പരമായ സ്വാതന്ത്രത്തെ ധ്വംസിക്കുന്നതു പോലെ ആയിത്തീരുന്നു.

ഉല്‍കൃഷ്ഠമായതു എന്തും ആസ്വാദ്യതരമാണ്‍. അങ്ങനെയുള്ള ഉല്‍കൃഷ്ടതയിലേക്കു കൈപിടിച്ചുയര്‍ത്താനുള്ളവര്‍, അതിനു പകരം പരിഹസിക്കുന്നതു ഖേദകരമാകുന്നു. കാലാകാലങ്ങളായി കവിതാസ്വാദനം വളര്‍ച്ചയിലാണു. ലബ്ധപ്രതിഷ്ഠരായ ആദ്യകാല എഴുത്തുകാരുടെ ആദ്യകാല കൃതികള്‍ ഒരുപക്ഷെ ഇന്നത്തെ നിലവാരത്തില്‍ അംഗീകൃതയോഗ്യമായിരിക്കില്ല. അതു വളര്‍ച്ചയുടെ പരിണാമമാണു.. ആ സര്‍ഗ വാസന വളരട്ടെ! രസനിഷ്യന്ദികളായിത്തീരട്ടെ! അതിന്റെ നാമ്പു നുള്ളാതെ, വളവും, വളക്കൂറുള്ള മണ്ണും നല്‍കി അതിനെ പരിപോഷിപ്പിക്കുക എന്നതാവണം ധര്‍മ്മം. കവിതകള്‍‍ ഒരു കാലത്തും നിഷേധാര്‍ഹങ്ങള്‍ ആകയില്ല. അതോര്‍ത്തു പരിഭ്രമിക്കേണ്ടതില്ല...അതില്‍ താളമുണ്ട്..ലയമുണ്ട്. .സംഗീതമുണ്ട്..ഭാവരസമുണ്ട്...ധ്വനി ഉണ്ട്..രചന ആസ്വാദനത്തിന്റെ ഒരു ഉപഉല്പന്നം (bi-product) ആയി വളരുന്നു. പക്ഷെ അതു മനസിലാക്കണമെങ്കില്‍ മലയാള ഭാഷയിലെഴുതാനും വായിക്കാനും മാത്രം ഉള്ള കഴിവു , തികയാതെ പോകും എന്നു മാത്രം. കുറച്ചെങ്കിലും വ്യുല്പത്തി ഭാഷയില്‍ ഉണ്ടാവണം. അല്ലാത്തവര്‍ക്കു മാത്രമെ അതു പരിഹാസ്യമായി തോന്നുകയുള്ളു.
ആത്മാവില്‍ പരിമളം പകര്‍ത്തിക്കൊണ്ടു അതു നിലനില്‍ക്കട്ടെ. ...

കവിതകള്‍‍ക്കു ഈ കാലഘട്ടത്തില്‍ പ്രസക്തി ഇല്ലേ? നിങ്ങളുടെ
വിലയേ റിയഅഭിപ്രായങ്ങള്‍‍ ക്ഷണിക്കുന്നു. അല്പം വിവേചനം കാണിക്കുക. ദയവായി.
അബ്ദുറഹമാന്‍

ഞാന്‍ കൃതാര്‍ഥനാണ്

ഞാന്‍ കൃതാര്‍ഥനാണ് മനപൂര്‍വ്വം ഞാന്‍ അങ്ങനെ ആയിത്തീരുന്നതല്ല.വിധി എന്നെ അങ്ങനെ ആക്കിത്തീര്‍ക്കുന്നതാണ്.യഥാര്‍ത്ഥത്തില്‍ എനിക്കതില്‍ പങ്കില്ല.അങ്ങനെ പലരുടെയും ദൃഷ്ടിയില്‍-എന്തിന് എന്‍റെ ബന്ധുക്കളുടെ ദൃഷ്ടിയില്‍ പോലും -ഞാന്‍ ഒരു കൃതാര്‍ഥനായിത്തീര്‍ന്നിരിക്കുന്നു.ഏറ്റവും അടുപ്പമുള്ളവര്‍ സകലരും എന്നെ വെറുത്ത് വരുന്നു.
സ്വഭാവത്തിലെ മുന്‍ശുണ്ഠിയും ഉരുളയ്ക്കുപ്പേരിയെന്ന പോലുള്ള പ്രതികരണങ്ങളും മാറ്റിനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും എപ്പോഴും ഞാന്‍ ഒഴിഞ്ഞുമാറുന്നു
എനിക്ക് ജീവിതത്തില്‍ ഒരു സുഖവുമില്ല.എങ്കിലും ഞാന്‍ ജീവിക്കുന്നു.സ്വയം മരിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട് അങ്ങനെ ജീവിക്കുന്നു എന്നു മാത്രം. മരണം എന്നെ രക്ഷിക്കുമെന്നായിരുന്നു എന്‍റെ വിശ്വാസം.പക്ഷേ വിധി അതിന് സമ്മതിച്ചില്ല.മൃത്യുവക്ത്രത്തില്‍ നിന്നും പ്രജ്ഞരഹിതമായ എന്നെ വീണ്ടും മനസ്സുനീറ്റുന്ന ഈ പരുപരുത്ത പ്രപഞ്ചത്തിലേക്ക് വലിച്ചെറിഞ്ഞു.ഞാനിതാ ജീവച്ഛവമായി ജീവിക്കുന്നു.സര്‍വ്വരാലും വെറുക്കപ്പെട്ട ഈ ജീവിതത്തോട് ഞാന്‍ ഇതുവരെ മുഷിഞ്ഞിട്ടില്ല.എന്തിന് മുഷിയണം?ഇതെല്ലാം എന്‍റെ വിധിയാണ്.

എന്‍റെ സിരകള്‍ മുഴുവന്‍ വിഷാണുക്കളാണ്.എന്നില്‍ കുടിയേറിപ്പാര്‍ക്കാത്ത രോഗങ്ങളില്ല. രോഗങ്ങളുടെ ക്രൂരമായ കാരുണ്യത്തിന് പേലും എന്‍റെ ജീവിതവേദനയെ അവസാനിപ്പിക്കാന്‍ സാധിട്ടിച്ചില്ല.എന്നെ ആര് എന്തിന് സ്‌നേഹിക്കണം എന്ന് ഞാന്‍ സ്വയം പലപ്പോഴും ചിന്തിക്കാറുണ്ട്.ഞാന്‍ ആരെയും സഹായിച്ചിട്ടില്ല.നിവൃത്തിയുള്ളിടത്തോളം ദ്വേഷിച്ചിട്ടേയുള്ളൂ വഞ്ചിച്ചിട്ടേ ഉള്ളൂ.അങ്ങനെയുള്ള എന്‍റെ ഹൃദയം എങ്ങനെ പരിശുദ്ധമാണെന്ന് പറയാന്‍ കഴിയും.ധര്‍മ്മത്തിന്‍റെ വെളിച്ചത്തില്‍ കൂടി ഞാന്‍ എന്നെ പരിശോധിക്കുമ്പോള്‍ എനിക്ക് തോന്നുന്നു ഞാന്‍ ആരുടേയും സ്‌നേഹത്തിന് അര്‍ഹനല്ലെന്ന്.എല്ലാവരും എന്നെ വെറുക്കുന്നു.വെറുക്കപ്പെട്ട് സര്‍വ്വരാലും കൈവെടിയപ്പെട്ട് ഏകാന്തമായ ഏതെങ്കിലും ഒരജ്ഞാതദേശത്ത് ഒരു വൃക്ഷമൂലത്തില്‍ ജീവരഹിതമായ എന്‍റെ മൃതപിണ്ഡം വീണടിയേണമേ എന്ന് ഞാന്‍ സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.

എല്ലാം ഞാന്‍ വെറുത്ത് തുടങ്ങി.എന്തിനെയെങ്കിലും ഞാന്‍ ഇപ്പോഴും വെറുക്കുന്നുണ്ടെങ്കില്‍ അത് ലഹരിപദാര്‍ത്ഥങ്ങളെ മാത്രമാണ്.ഈയിടെ രണ്ടായിരത്തിപത്ത് അവസാനിക്കുന്നതിനുമുമ്പ് ഒട്ട് മിക്ക ദിവസങ്ങളിലും ഞാന്‍ കുടിക്കാറുണ്ടായിരിന്നു.എനിക്ക് നശിക്കണം.അധ:പതനം!അതെത്ര മാധുര്യമുള്ളതാണ്!പാപം,അതിനെന്ത് കൗതുകമുണ്ട്!എനിക്ക് അധ:പതിക്കണം!എനിക്ക് പാപിയാകണം!

മരിച്ച് കഴിഞ്ഞാല്‍ പിന്നെയും നമുക്കൊരു ജീവിതമുണ്ടാകുമോ?നാം ഇവിടെ ചെയ്തിട്ടുള്ള കുറ്റങ്ങള്‍ മറ്റൊരു ലോകത്തില്‍ ഏറ്റ് പറയേണ്ടിവരുമോ?മരണമെന്ന് കേള്‍ക്കുമ്പോള്‍ കുറേ നാളായി എനിക്ക് വല്ലാത്ത ഒരു പേടി.ഈശ്വരന്‍ എന്നെ ശിക്ഷിക്കാതിരിക്കില്ല.എനിക്ക് നിശ്ചയമുണ്ട്.
നാട് നീളെ തെണ്ടിനടന്ന് സര്‍വ്വവും പരിത്യജിച്ച് അങ്ങനെ ഒരു ഭിക്ഷാം ദേഹിയായി അജ്ഞാതവും വിദൂരവുമായ ഒരു സ്ഥലത്തടിഞ്ഞ് മരിക്കുവാന്‍ എനിക്ക് വലിയ കൊതി.വീട്,സ്വജനങ്ങള്‍,സ്‌നേഹം,മൈത്രി ഇതിനൊന്നും ഒരര്‍ത്ഥവുമില്ല.

പ്രേതലോകം എന്നൊന്നുണ്ട്.ഞാന്‍ അങ്ങനെ ദൃഢമായി വിശ്വസിക്കുന്നു.മനസ്സ്-കര്‍മ്മം-വാക്ക് ഇവ മൂന്നിലും പരിശുദ്ധയുള്ളവര്‍ക്കേ മുക്തിയുള്ളൂ എന്ന് വേദങ്ങള്‍ ഘോഷിക്കുന്നു.എനിക്ക് ഇവയില്‍ ഒന്നിലെങ്കിലും അല്പം പോലും ശുദ്ധിയുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ആശ്വസിച്ചേനെ..