അന്താരാഷ്ട്ര വനിതാദിനം

ശതവാര്‍ഷികത്തിന്റെ നിറവില്‍ അന്താരാഷ്ട്ര വനിതാദിനം കടന്നുവരുന്നു. ദേശത്തിന്റെ അതിര്‍ത്തികള്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് ഭാഷാ, ദേശ, സാമ്പത്തിക, രാഷ്ട്രീയ വൈവിധ്യങ്ങള്‍ മറന്ന് വനിതകള്‍ക്കായി ഒരു ദിനം. മാര്‍ച്ച് എട്ട് എന്ന ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓര്‍മകള്‍ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലമുണ്ട്. വ്യവസായകുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും കണ്ണീരും കൊണ്ട് വരിച്ച വിജയത്തിന്റെ കഥയുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യാവസായിക വളര്‍ച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴില്‍ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്. ചരിത്രത്തിന്റെ നാള്‍വഴി 1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് പാതയൊരുക്കിയത്. ടെക്‌സ്റ്റൈല്‍ ഫാക്ടറികളില്‍ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിച്ച് കുറഞ്ഞ ശമ്പളത്തിനും ദീര്‍ഘസമയത്തെ തൊഴിലിനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുള്ള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയര്‍ത്തിയപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. 1917-മാര്‍ച്ച് എട്ടിന് റഷ്യന്‍വനിതകള്‍ ഭക്ഷണത്തിനും സമാധാനത്തിനും വേണ്ടി നടത്തിയ സമരമായിരുന്നു മറ്റൊരു സംഭവം. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോള്‍ മാര്‍ച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല. ഈ സമരാഗ്‌നി ലോകമാകെ പടരാന്‍ പിന്നീട് താമസമുണ്ടായില്ല. വരും വര്‍ഷങ്ങളില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിത്തുടങ്ങി. 1907 ഫിബ്രവരി 28-ന് അമേരിക്കയിലെ സ്ത്രീ സമത്വവാദികള്‍ ആദ്യമായി വനിതാദിനം ആഘോഷിച്ചു. വിവിധ പ്രക്ഷോഭങ്ങളില്‍ ഭാഗമായ ആയിരക്കണക്കിന് വനിതകള്‍ അന്ന് ആദരിക്കപ്പെട്ടു. 1909 മാര്‍ച്ച് എട്ടിന് റഷ്യക്കാര്‍ വനിതാദിനം ആചരിക്കുകയും നാളിതുവരെ എല്ലാവര്‍ഷവും അന്നേദിവസം ദേശീയ അവധിദിനമായി ആചരിക്കുകയും ചെയ്തുവരുന്നു. 1910-ല്‍ ജര്‍മനിയിലെ വനിതാ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ക്ലാരാ സെറ്റ്കിന്‍ ആണ് അന്താരാഷ്ട്ര തലത്തില്‍ വനിതാദിനത്തിന്റെ പ്രാധാന്യം എന്ന ആശയം ആദ്യമായി കൊണ്ടുവന്നത്. അന്ന് 17 രാജ്യങ്ങളില്‍നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പങ്കുവെക്കപ്പെട്ട ഈ ആശയത്തിന് അപ്പോള്‍ത്തന്നെ അംഗീകാരം നല്‍കി. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം, ഇന്നേക്ക് നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് 1911-ല്‍ അന്താരാഷ്ട്രതലത്തില്‍ ഈ ദിനം ആചരിച്ചു. 1975-ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. മുദ്രാവാക്യം ഐക്യരാഷ്ട്രസഭ പുറത്തുവിടുന്ന മുദ്രാവാക്യമാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഓരോ അന്താരാഷ്ട്ര വനിതാ ദിനത്തിനും ഓരോ മുദ്രാവാക്യങ്ങളാണ് തയ്യാറാക്കപ്പെടുന്നത്. ആ വര്‍ഷം മുഴുവന്‍ അത് ലക്ഷ്യമാക്കിയുള്ള പ്രയത്‌നങ്ങളാണ് നടത്തുന്നത്. ഓരോ രാഷ്ട്രവും അവിടത്തെ സാഹചര്യത്തിനുതകുന്ന മുദ്രാവാക്യങ്ങള്‍ തയ്യാറാക്കുന്നതും പതിവാണ്. ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ-പരിശീലന രംഗത്ത് തുല്യത, സ്ത്രീകള്‍ക്ക് മാന്യമായ തൊഴിലിലേക്ക് മാര്‍ഗദര്‍ശനം എന്നതാണ് 2011-ല്‍ ഐക്യരാഷ്ട്രസഭ ലോകത്തിനുമുമ്പില്‍ വെച്ചിരിക്കുന്ന മുദ്രാവാക്യം. മൈമോസ നല്‍കുന്ന സന്ദേശം അന്താരാഷ്ട്ര വനിതാദിനത്തിന് ലോകമൊട്ടുക്ക് അംഗീകരിച്ച ലോഗോ ഉണ്ട്. എന്നാല്‍ വനിതാദിനത്തിന്റെ പുഷ്പമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് മൈമോസ എന്ന കുഞ്ഞുപൂവാണ്. ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് മൈമോസയ്ക്ക് വനിതാ ദിനത്തില്‍ പ്രചാരം കൂടുതലുള്ളത്. പുരാതന റോമില്‍ മാര്‍ച്ചിലായിരുന്നു പുതുവര്‍ഷപ്പിറവി. അക്കാലത്ത് പൂക്കുന്നതാണ് മൈമോസ പുഷ്പങ്ങള്‍. വനിതാദിനത്തില്‍ പുരുഷന്‍മാര്‍ ഭാര്യമാര്‍ക്കും അമ്മമാര്‍ക്കും പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കുമെല്ലാം മൈമോസ പുഷ്പങ്ങള്‍ നല്‍കുന്നത് ചിലരാജ്യങ്ങളില്‍ പതിവാണ്. 1946 കാലഘട്ടത്തില്‍ ഇറ്റലിയിലാണ് ഈ ചടങ്ങ് തുടങ്ങിയതെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. സ്ത്രീകള്‍ ബഹുമാനത്തിന്റെ ചിഹ്നമായി പരസ്​പരവും ഈ കുഞ്ഞുപൂക്കള്‍ കൈമാറാറുണ്ട്. മൈമോസയുടെ അഭാവത്തില്‍ മഞ്ഞനിറത്തിലുള്ള ചെറിയ പൂക്കള്‍ കൈമാറുന്നതും സാര്‍വത്രികമാണ്. 2011ല്‍ വനിതാദിനത്തിന്റെ ശതവാര്‍ഷികം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ പല ചോദ്യങ്ങളും ഉത്തരങ്ങളും ബാക്കിയാവുന്നു. കഴിഞ്ഞ ദശകങ്ങളില്‍ സ്ത്രീകള്‍ പല രംഗങ്ങളിലും ഉന്നതിയിലേക്കുയര്‍ന്നു. പലയിടങ്ങളിലും സമത്വം നിലവില്‍വന്നു. ഭരണഘടന സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുനല്‍കി. എങ്കിലും ദാരിദ്ര്യമനുഭവിക്കുന്ന ലോകജനതയുടെ മൊത്തം കണക്കില്‍ ഏറിയഭാഗവും സ്ത്രീകളാണെന്നുള്ള സത്യം ഇന്നും നമ്മുടെ മുമ്പിലുണ്ട്. ലോകമൊട്ടാകെയുള്ള 96 കോടിയിലധികം വരുന്ന അക്ഷരാഭ്യാസമില്ലാത്ത ജനതയുടെ മൂന്നിലൊന്ന് സ്ത്രീകളാണെന്നതാണ് സത്യം. പുരുഷന്മാര്‍ വാങ്ങുന്നതിലും 30-40 ശതമാനം കുറഞ്ഞ വേതനമാണ് പലരംഗത്തും സ്ത്രീകള്‍ക്ക് ഇന്നും ലഭിക്കുന്നത്. കൂടാതെ പീഡനത്തിന്റെയും ബലാത്കാരങ്ങളുടെയും ക്രൂരതകളുടെയും പട്ടികകള്‍ വേറെയും. ഈ വനിതാദിനത്തില്‍ നമ്മള്‍ ഓര്‍മ്മിക്കുന്ന മുഖങ്ങള്‍ ഏതൊക്കെയാവാം. ഇന്ത്യയുടെ പ്രഥമ വനിതാ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീലിന്റെയോ, ആദ്യ ലോക്‌സഭാ വനിതാ സ്​പീക്കറായ മീരാ കുമാറിന്റെയോ, ബയോകോണ്‍ ഇന്ത്യയുടെ സി.ഇ.ഒ കിരണ്‍ മജുംദാറിന്റെയോ, ബാറ്റ്മിന്റണ്‍ താരം സൈനയുടെയോ താരസുന്ദരിമാരുടെയോ അതോ ചെറുതുരുത്തിക്കടുത്ത് റെയില്‍വേട്രാക്കില്‍ മനുഷ്യമൃഗത്തിന്റെ അക്രമത്തില്‍ എരിഞ്ഞടങ്ങിയ സൗമ്യ എന്ന പെണ്‍കുട്ടിയുടെയോ? ഇന്ത്യ പോലൊരു രാജ്യത്ത് വനിതാദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. സ്ത്രീകളുടെ ഉന്നതിക്കായി ഇതുവരെ ചെയ്തതെന്തൊക്കെയെന്നതിന്റെ അവലോകനവും ഇനിയുമെന്തൊക്കെ ചെയ്യാനുണ്ടെന്നതിന്റെ ഓര്‍മ്മപ്പെടുത്തലുമാണ് ഈ ദിനം. വനിതാദിനമെന്നാല്‍ കഴിഞ്ഞുപോയകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും അടയാളപ്പെടുത്തലാണ്. ഇത് ഒരു ആഘോഷവേളയല്ല. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിനുമുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരമാണ്. ഇത് ഒരുദിവസത്തെമാത്രം അജന്‍ഡയുടെ ഭാഗമല്ല. ഒരു തുടര്‍ച്ചയുടെ തുടക്കമാണ്.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ