ഡോബര്‍മാന്‍

ഞാന്‍ ഇപ്പോള്‍ കുറിക്കാനിരിക്കുന്ന അത്യധികം വന്യവും അതേസമയം അനാര്‍ഭാടവുമായ ഈ ആഖ്യാനം ആരെങ്കിലും വിശ്വസിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ആരെങ്കിലും അങ്ങനെ ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നുമില്ല. എന്റെ ഇന്ദ്രിയബോധംതന്നെ അവയുടെ തെളിവുകളെ നിരാകരിക്കുമ്പോള്‍ ഞാന്‍ അങ്ങനെ പ്രതീക്ഷിക്കുന്നത് ഭ്രാന്തില്‍ കുറഞ്ഞ ഒന്നായിരിക്കില്ല. എന്നാല്‍, ഞാന്‍ ഭ്രാന്തനല്ല. തന്നെയുമല്ല, ഞാന്‍ സ്വപ്‌നം കാണാറുമില്ല. എന്തായാലും, നാളെ ഞാന്‍ മരിക്കാന്‍പോകുന്നതുകൊണ്ട് ഇന്ന് എനിക്കെന്റെ മനസ്സിന്റെ ഭാരം ഇറക്കിവെക്കേണ്ടതുണ്ട്. വെറും കുടുംബകാര്യങ്ങളുടെ ഒരു പരമ്പര, സുതാര്യമായും സംക്ഷിപ്തമായും വ്യാഖ്യാനങ്ങളൊന്നും കൂടാതെ ഈ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് ഇപ്പോഴത്തെ എന്റെ ആവശ്യം. ഈ സംഭവങ്ങളുടെ അനന്തരഫലങ്ങള്‍ എന്നെ ഭീതിയിലാഴ്ത്തുകയും പീഡിപ്പിക്കുകയും നശിപ്പിക്കുകപോലും ചെയ്തിട്ടുണ്ട്. എങ്കിലും ഞാന്‍ അവയെ വിശദീകരിക്കാന്‍ ഉദ്യമിക്കുകയാണ്. എനിക്ക് അവ കുറഞ്ഞ ഭീതിയിലുള്ള ചിലതൊക്കെയാണ് പ്രദാനം ചെയ്തിട്ടുള്ളത്, എന്നാല്‍ വേറെ ചിലര്‍ക്ക് അവ കുറഞ്ഞ അളവില്‍ വിചിത്രമായ ഭയങ്കരത്വമാണ്. ഇവിടെ എന്റേതിനെക്കാള്‍ ശാന്തമായതും യുക്തിയുക്തമായി ചിന്തിക്കുന്നതും എളുപ്പത്തില്‍ ഉദ്വേഗത്തിനു വശഗമാകാത്തതുമായ ഒരു ധിഷണയ്ക്ക് എന്റെ ദൃഷ്ടിഭ്രംശത്തെ സാധാരണമായതായി കാണാന്‍ കഴിഞ്ഞേക്കാം. ഞാന്‍ ഇപ്പോള്‍ വര്‍ധിതമായ ഭയഭക്തിയോടെ വിശദീകരിക്കുന്ന ഈ സാഹചര്യങ്ങളില്‍, വളരെ സ്വഭാവികമായ കാരണങ്ങളുടെയും ഫലങ്ങളുടെയും ഒരു ക്രമാനുക്രമം ദര്‍ശിക്കാനും അതിനു കഴിഞ്ഞെന്നുവരും.

കുട്ടിക്കാലം മുതല്‌ക്കേ എന്റെ സഹജഗുണമായ ഇണക്കത്തിനും മാനവികതയ്ക്കും പേരുകേട്ടവനായിരുന്നു ഞാന്‍. എന്റെ ഹൃദയനൈര്‍മല്യം എന്റെ സഹചാരികളുടെ കണ്ണില്‍ എന്നെ ഒരു പരിഹാസപാത്രമാക്കുവോളം അത്രമേല്‍ പ്രകടമായതായിരുന്നു. വളര്‍ത്തുമൃഗങ്ങളോട് എനിക്കുണ്ടായിരുന്ന വാത്സല്യം നിമിത്തം എന്റെ നാട്ടിലുള്ള ചിലര്‍ എന്നെ പരിഹാസത്തോടെ കണ്ടിട്ടുണ്ട്. എന്റെ സമയത്തിന്റെ അധിക പങ്കും ഞാന്‍ അവയോടൊത്താണ് ചെലവഴിച്ചിരുന്നത്. അവയ്ക്കു തീറ്റി കൊടുക്കുമ്പോഴോ അവയെ താലോലിക്കുമ്പോഴോ എനിക്കു ലഭിച്ചിരുന്ന ആത്മസുഖം മറ്റൊന്നിനും തരാന്‍ കഴിയാത്തതായിരുന്നു. എന്റെ സ്വഭാവത്തിലെ ഈ സവിശേഷത എന്നോടൊത്തു വളരുകയും ഞാന്‍ യൗവനത്തിലെത്തിയപ്പോഴും, എന്റെ മുഖ്യസുഖദായകവിഷയങ്ങളിലൊന്നായി നിലനില്ക്കുകയും ചെയ്തു. വിശ്വസ്തതയും ബുദ്ധിതീക്ഷ്ണതയുള്ളതുമായ ഒരു നായയോട് ഹൃദയബന്ധം സൂക്ഷിക്കുന്നവരായ ആളുകളോട്, മൃഗങ്ങളെ സ്‌നേഹിക്കുന്നതില്‍നിന്നും ഉദ്ഭൂതമാകുന്ന കൃതാര്‍ഥതയുടെ തീവ്രതയെക്കുറിച്ച് വിവരിച്ച് ഞാന്‍ ബുദ്ധിമുട്ടേണ്ട കാര്യമില്ലല്ലോ. മനുഷ്യരുടെ വെറും ക്ഷുദ്രമായ സൗഹൃദവും പൊടിഞ്ഞുപോവുന്ന കൂറും പലപ്പോഴും പരീക്ഷിച്ചറിഞ്ഞിട്ടുള്ള അയാളുടെ ഹൃദയത്തിലേക്ക് നേരിട്ടു കടക്കുന്ന ചിലത് ഒരു മൃഗത്തിന്റെ നിസ്വാര്‍ഥമായതും ത്യഗസമ്പൂര്‍ണമായതുമായ സ്‌നേഹത്തിലുണ്ടായിരിക്കും.

നല്ല പ്രായത്തില്‍തന്നെ ഞാന്‍ വിവാഹിതനാവുകയും എന്റെ ഭാര്യയുടെ പ്രകൃതത്തില്‍ എന്റേതുമായി പൊരുത്തപ്പെടാത്ത ഒന്നുമില്ലെന്നു കണ്ട് സന്തോഷിക്കുകയും ചെയ്തു. ഓമനകളായ വീട്ടുമൃഗങ്ങളോട് എനിക്കുണ്ടായിരുന്ന പക്ഷപാതിത്വം നിരീക്ഷിച്ച അവള്‍, അവയിലെ ഏറ്റവും അംഗീകൃതമായ ഇനത്തില്‍പ്പെട്ടവയെ സമ്പാദിക്കുന്നതിന് തനിക്കു കൈവന്ന ഒരു അവസരവും പാഴാക്കിയില്ല. ഞങ്ങള്‍ക്ക് പക്ഷികളുണ്ടായിരുന്നു. അരയണ്ണങ്ങളും ഗിനികോഴികളും ഒരു നല്ല നായും ഒരു പൂച്ചയുമുണ്ടായിരുന്നു.

ഈ ഒടുവില്‍ പറഞ്ഞത്, തനി കറുപ്പായ, എടുത്തുപറയത്തക്ക വലിപ്പവും സൗന്ദര്യവുമുള്ള, അദ്ഭുതപ്പെടുത്തുന്ന ബുദ്ധിശക്തിയുള്ള ഒന്നായിരുന്നു. അവന്റ വിവേകത്തെക്കുറിച്ചു പറയുമ്പോള്‍, തന്റെ ഹൃദയത്തെ അന്ധവിശ്വാസംകൊണ്ട് അല്പംപോലും നിറംപിടിപ്പിക്കാത്ത എന്റെ ഭാര്യ, എല്ലാ കറുത്തപൂച്ചകളും വേഷപ്രച്ഛന്നരായ മന്ത്രവാദികളാണെന്ന പുരാതനമായ ജനകീയ സങ്കല്പം ഉദാഹരണമായി പ്രയോഗിക്കാറുണ്ട്. ഈ വിഷയത്തെ അവള്‍ സദാ ഗൗരവമായി എടുത്തിരുന്നുവെന്നല്ല. അന്നു സംഭവിച്ചതും ഇപ്പോള്‍ സ്മരിക്കപ്പെടേണ്ടതുമായ സംഭവത്തേക്കാള്‍ വലിയ ഒരു കാരണത്താലുമല്ല ഞാന്‍ അത് ഇവിടെ സൂചിപ്പിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ