എന്റെ ഏകാന്തത

എന്റെ ഏകാന്തത, എന്റെ അറിവില്ലായ്മകളും ഭൗതികവും മാനസികവുമായ പരാജയങ്ങളും കൂടി ഉള്‍പ്പെട്ടതാണ്. ഏറ്റവും സാധാരണക്കാരനായ ഒരു മനുഷ്യന്‍, നിത്യജീവിതത്തില്‍ അനായാസമായി സാക്ഷാത്കരിക്കുന്ന സുഖങ്ങള്‍ അഥവാ നേട്ടങ്ങള്‍പോലും എത്തിപ്പിടിക്കാന്‍ എന്റെ അറിവില്ലായ്മകള്‍ തടസ്സമാവാറുണ്ട്. അച്ചടക്കത്തോടെ വരിയില്‍നിന്നോ, വരികള്‍ തെറ്റിച്ചോ, ജീവിതം സാര്‍ഥമാകേണ്ടത് എന്ന് ഇപ്പോഴും എനിക്കറിയില്ല. രണ്ടിടത്തും ഞാന്‍ പരാജിതനാവുകയും ചെയ്യും. മറ്റു നാനാതരം പരിതോവസ്ഥകള്‍ക്കൊപ്പം ഈ അജ്ഞതയും എന്റെ ഏകാന്തതയ്ക്ക് കാരണമാകുന്നു എന്നുമാത്രം. ഏകാന്തതയെ അതിജീവിക്കാന്‍ വായനയോളം മികച്ച ഒരുപാധി ഞാന്‍ കണ്ടെത്തിയില്ല. എഴുത്തും അങ്ങനെയായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. പക്ഷേ, അകാരണമായ അസ്വാസ്ഥ്യവും ഉത്കണ്ഠയും തളര്‍ച്ചയും ആത്മനിന്ദയുമാണ്, മിക്കപ്പോഴും എഴുത്ത് എന്നിലവശേഷിക്കന്നത്. അതുകൊണ്ടുതന്നെ, ചെയ്യുവാന്‍ ഏറ്റവും താത്പര്യമില്ലാത്ത, നീട്ടിവയ്ക്കുവാന്‍ ഏറ്റവും ആഗ്രഹിക്കുന്ന പ്രവൃത്തിയാണത്. വായന, ഏകാന്തതയെ സ്വാതന്ത്ര്യമായി പരവര്‍ത്തിപ്പിക്കുന്ന മനോവ്യാപാരമാണ്. ഉടലുകളില്‍നിന്നും (വ്യവസ്ഥയുടെ) തടവുകളില്‍നിന്നും ആത്മാവിനെ മോചിപ്പിക്കലാണ്. ഒരാള്‍ വായിക്കുമ്പോള്‍, അയാള്‍ മാത്രമല്ല, ലോകവും മാറുന്നുണ്ട്. ഓരോ നല്ല പുസ്തകവും ഈ ലോകത്തെ, ഭൂമിയിലെ നമ്മുടെ പ്രക്ഷുബ്ധജീവിതങ്ങളെ, മറ്റൊന്നായി പുനഃസൃഷ്ടിക്കുന്നുണ്ട്. ഈ പ്രവൃത്തിയില്‍ എഴുത്തുകാരനോളം പങ്ക് വായനക്കാരനുമുണ്ട്. പലപ്പോഴും എഴുത്തുപോലെ ക്ലേശപൂര്‍ണവും വേദനാകരവുമാണ് വായനയും. നാല്പതു വയസ്സിനുശേഷം ഒരാള്‍ 'ബ്രദേഴ്‌സ് കരമസോവ്' വീണ്ടും വായിക്കാന്‍ ഒരുമ്പെടുന്നു എന്നു വിചാരിക്കുക. വായന കഴിഞ്ഞ് നിത്യജീവിതത്തിലേക്ക് പുനഃപ്രവേശിക്കാന്‍ അയാള്‍ നന്നേ വിഷമിക്കും. അനേകായിരം ജീവിതങ്ങളേക്കാള്‍ ഭാരമേറിയ ആ പുസ്തകം, നെഞ്ചില്‍നിന്ന് ഇറക്കിവെക്കുന്നതെങ്ങനെ? നെഞ്ചിലേറ്റുന്ന ഈ ഭാരം തന്നെയാണ്, ഒരര്‍ഥത്തില്‍ വായനയുടെ ആനന്ദം. ഒരേ സമയം അത് ആത്മസാക്ഷാത്ക്കാരപരവും ആത്മനാശകവുമാണ്.

വായന, ഇക്കാലത്ത്, ആത്മഗന്ധിയായ ഒരു പ്രക്രിയയായിത്തീരുന്നില്ല എന്നതില്‍ ആദ്ഭുതപ്പെടാനൊന്നുമില്ല. വസ്തുവത്കരണത്തിന്റെ ആഘോഷവും ലഹരിയുമാണ് പുതിയ കാലത്തിന്റെ പ്രത്യയശാസ്ത്രഅടിത്തറ. പുസ്തകം എന്ന വസ്തുവെ അകറ്റിനിര്‍ത്തിക്കൊണ്ടല്ലാതെ പുതിയ ലോകവ്യവസ്ഥയ്ക്ക് മുന്നേറാനാവില്ല. എഡ്വേര്‍ഡോ ഗലിയാനവിന്റെ 'Mirrors' എന്ന പുതിയ പുസ്തകത്തെക്കുറിച്ച് ജോണ്‍ ബര്‍ഗര്‍ പറഞ്ഞ ഒരു വാക്യമുണ്ട്: 'To publish Galeano, is to publish the enemy'. ഒട്ടൊന്ന് മാറ്റിപ്പറഞ്ഞാല്‍, പുസ്തകത്തെ പ്രോത്സാഹിപ്പിക്കുക എന്നാല്‍ മനുഷ്യത്വത്തെ പ്രോത്സാഹിപ്പിക്കുക എന്നാണ് അര്‍ഥം. ആഗോളമൂലധന താത്പര്യങ്ങളുടെയും അവരുടെ ഇരകളായിത്തീരുന്ന ഇടതു- വലതുപക്ഷങ്ങളുടെയും മുഖ്യശത്രു 'മനുഷ്യത്വം' തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ