ദ്വീപിലെ തടവുകാര്‍

അറിയപ്പെടാത്ത ഏതോ ഒരു ദ്വീപിലെ ഏകാന്തതയില്‍ വലിയൊരു ജീവിതം സൃഷ്ടിച്ചറോബിന്‍സണ്‍ ക്രൂസ്സോ എന്ന കഥാപാത്രത്തെ കുറിച്ച് കുട്ടിക്കാലത്ത് വായിക്കുമ്പോള്‍ വെറും വിസ്മയതിനപ്പുറത്ത് അതൊരു വെല്ലുവിളിയായിരുന്നു .സ്വയം ക്രൂസ്സോ ആയി സങ്കല്‍പ്പിച്ചു എന്റെ സ്വപ്നത്തിന്റെ ഹരിതാഭയിൽ ഞാന്‍ അന്നേ ഒരു ' ജീവിതം 'തീര്‍ത്തു ! അവിടെ എന്‍റെ കൊച്ചു ലോകത്ത് ചെടികളും മരങ്ങളും അണ്ണാന്‍ , പൂച്ച , പട്ടി തുടങ്ങിയ ജീവികളും ഞാന്‍ എന്നക്രൂസോക്ക് ചുറ്റും അണിനിരന്നു . പിന്നീട് ഒറ്റപ്പെടുമ്പോള്‍, ജീവിതത്തിലും നമ്മള്‍ ഇതേപോലെ ഒരു 'ദ്വീപില്‍ 'ശരിക്കും അകപ്പെടുമെന്നത്നമ്മുടെ തിരിച്ചറിവാണ് ! അതിന്റെ

കിതപ്പില്‍ നിസ്വനാക്കപ്പെടുന്നത് നമ്മുടെ ഓര്‍മയാണ് !


ജീവിതത്തില്‍ വന്നെത്തുന്ന സൌഹൃതങ്ങളും ഒറ്റപ്പെടലും ക്രമരഹിതമായ ഒരു താളംസൃഷ്ട്ടിക്കാറുണ്ട് . അത് മുഴുവന്‍ മറ്റൊരാളോട് പറയുക വളരെ പ്രയാസം തന്നെ !
'റോബിന്‍സണ്‍ ക്രൂസ്സോ' എന്ന കഥാപാത്രം ഒരാളില്‍ പലപ്പോഴുംനിലനില്‍ക്കുന്ന ഒരു അവസ്ഥായാണ് . അത് ഞാന്‍ തിരിച്ചറിയുന്നത് ഇവിടെ ഈമാലിദ്വീപില്‍ ജീവിക്കുംബോഴാണ് . നാട്ടിലെ ശബ്ദഘോഷങ്ങളില്‍ ഇടയ്ക്കു എന്നെ തുറിച്ചു നോക്കിയിരുന്ന ക്രൂസോ ഇവിടെ അതൊരു പതിവാക്കിയത് പോലെ !
മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയില്‍ നിന്നും പത്തു മണിക്കൂര്‍ നീണ്ടഎന്‍റെ ആദ്യത്തെ കടല്‍യാത്ര ഓര്മ വരുന്നു . ഒരു സാധാരണ ബോട്ടില്‍ ഇത്രനീണ്ട ഒരു കടല്‍യാത്ര എന്‍റെ മനസ്സിലേക്ക് കുറെ കഥാപാത്രങ്ങളെ സന്നിവെശിപ്പിചെന്നു തോന്നി . സിന്ദ്ബാധ് എന്ന നാവികന്‍ എന്നെ മുത്തംഇട്ടപോലെ . നിലാവില്‍ തിളങ്ങുന്ന ഇന്ത്യന്‍ സമുദ്രത്തിനെ കൊതിയോടെ ഞാന്‍നോക്കുമ്പോള്‍ നക്ഷത്രങ്ങള്‍ കണ്ചിമ്മുന്ന തെളിഞ്ഞ ആകാശത്തിന് കീഴെ ബോട്ടിന്റെ കൈവരിയും പിടിച്ചു നില്‍ക്കുന്ന എന്നില്‍ റോബിന്‍സണ്‍ ക്രൂസ്സോ ആവേശിക്കപ്പെടുന്നത് ഞാന്‍ അറിഞ്ഞില്ല .

വളരെ പുലര്‍ച്ചെ അന്ന് ദ്വീപില്‍ എത്തിച്ചേര്‍ന്നു .വലിയൊരു രാജ്യത്തു നിന്നും ഒരു ദ്വീപിലേക്കുള്ള കൂടുമാറ്റം നമ്മളില്‍ കുറെ തയ്യാറെടുപ്പുകള്‍ സ്വയം സൃഷ്ടിക്കണം എന്ന് തോന്നി . ദ്വീപുവാസം അത് മറ്റൊന്നാണെന്ന് പിന്നീടു ഞാന്‍ അറിഞ്ഞു . മാലിദ്വീപിലെ 1200 ൽ പരംദ്വീപുകളില്‍ 200 ദ്വീപുകളിലെ ആള്‍ താമസം ഉള്ളൂ . പണ്ട് ഇത്തരംദ്വീപുകളിലേക്കു നമ്മുടെ രാജ്യത്തെ കുറ്റവാളികളെ നാട്കടത്തിയ വാര്‍ത്ത ഞാന്‍ കേട്ടിട്ടുണ്ട് . ഇപ്പോള്‍ ഈ ദ്വീപുകളില്‍ അതില്‍ പെട്ട ആരെങ്കിലുംകാണുമോ ആര്‍ക്കറിയാം ?
ഏതാണ്ട് ഒരു കിലോമീറ്റര്‍ ചതുരശ്ര വിസ്തീര്‍ണം ഉള്ള ദ്വീപ്‌ ആദ്യ ദിനം തന്നെ കണ്ടു തീര്‍ത്തു ! ഇനി ഇതാണെന്‍റെ ലോകം . തീരത്തെമണല്‍ത്തിട്ടയില്‍ ചാഞ്ഞുകിടന്നു , അസ്തമയസൂര്യനെ നോക്കി ഒരു ചെറു ചിരിയോടെഞാന്‍ സ്വയം പറഞ്ഞു ......' ഇതാ എന്‍റെ പഴയസൂര്യന്‍ അസ്തമിച്ചിരിക്കുന്നു .....നാളെ മുതല്‍ മറ്റൊരു സൂര്യന്‍ , മറ്റൊരു ലോകം '
ഒറ്റ നിലയുള്ള സ്കൂള്‍ , അതിനു കോണ്‍ഗ്രീറ്റ് മേല്ക്കൂരയല്ല , കടും പച്ചനിറത്തില്‍ഉള്ള ടിന്‍ ഷീറ്റ് ഉള്ള മേല്‍ക്കൂര . ഇംഗ്ലീഷ് അക്ഷരമാലയിലെ ഏതാണ്ട് 'യു ' ആകൃതിയിലുള്ള സ്കൂള്‍ കെട്ടിടം എന്നെ ആകര്‍ഷിച്ചു . മണല്‍ നിറഞ്ഞ അങ്കണം .വരി വരിയായിനില്‍ക്കുന്നവേപ്പ് മരങ്ങള്‍ , അരയാലുകള്‍.............അതിന്‍റെശീതളിമയില്‍ ഞാന്‍ ഇരുന്നു . ഭൂമധ്യരേഖയിലാണ് ഈ ദ്വീപു സമൂഹം കിടക്കുന്നത് . മരത്തിന്റെ തണലിനപ്പുരം കടുത്ത ചൂടാണ് . കൂടുതല്‍ ultra - violet radiation പതിക്കുന്ന ഇടം .
ജോലി ചെയ്യുന്ന ആദ്യപകരില്‍ പലരും മലയാളികള്‍ ആണ് ! സമാധാനം !

സ്കൂളിന്റെ അടുത്തുതന്നെ താമസം . അടുത്തടുത് മൂന്നു മുറികള്‍ ഉള്ള ഒരുകോമ്പൌണ്ട് . ചുറ്റുമതിലും പടിപ്പുരയും . നാട്ടിലേതു പോലെ വലിയ പടിപ്പുരഅല്ലെങ്കിലും എവിടെയോ ഒരു സാമ്യത തോന്നി ! മറ്റു രണ്ടുമുറികളിലും നല്ലസുഹൃത്തുക്കള്‍ . എന്നെപോലെ പുതിയ അന്തരീക്ഷത്തെ പഠിക്കുകയാണ് എന്‍റെ ഒപ്പംവന്ന ജോമി . അടുത്ത മുറിയില്‍ കൊല്ലംകാരന്‍ ലാല്സന്‍.
പിറ്റേന്ന് സ്കൂളിലെത്തി . മുന്നൂറോളം കുട്ടികള്‍ .യുണിഫോം ഇട്ടു അടുക്കും ചിട്ടയോടും കൂടി അസംബ്ലിയില്‍ നില്‍ക്കുന്നു .വളരെ സന്തോഷം തോന്നി . പക്ഷെ ആ സന്തോഷത്തിനു അല്പയുസ്സെ ഉള്ളൂ വന്നു പിന്നീട് അറിഞ്ഞു . ക്ലാസ്സില്‍ പത്തിനും മുപ്പതിനും ഇടയിലെ കുട്ടികള്‍കാണൂ . ഹൈസ്കൂള്‍ തലത്തിലാണ് എനിക്കു ക്ലാസ്സ്‌ . 'സന്തോഷത്തോടെ വലതുകാല്‍വെച്ചു തുടങ്ങാം 'എന്ന് പ്രിന്‍സിപ്പല്‍ മലയാളിയായ പാലക്കാട്ടുകാരൻ പുഷ്പരാജ് പറഞ്ഞു .ക്ലാസ്സ്‌ തുടങ്ങി . ഇന്ത്യന്‍ക്ലാസ്സ്‌ മുറികളാണ് എന്‍റെ മനസ്സ് നിറയെ . നിശബ്ദരായി ഇരിക്കുന്നകുട്ടികള്‍ , അധ്യാപകന്‍റെ തകര്‍പ്പന്‍ പ്രകടനം ! ഒരു കുട്ടി ഒന്ന്അനങ്ങിയാല്‍ പൊട്ടിത്തെറിക്കുന്ന നമ്മുടെ ഗുരുക്കന്മാര്‍ ! ഇവിടെ ആ കണക്കുകൂട്ടലോക്കെ തെറ്റി . ആദ്യനാള്‍ തന്നെ ക്ഷമയുടെ നെല്ലിപ്പലക ഞാന്‍ കണ്ടു .ക്ലാസിനു പുറത്തു എന്‍റെ ക്ലാസ്സ്‌ നിരീഷ്ക്ഷിക്കുന്ന അവിടുത്തെ സൂപ്പര്‍വൈസര്‍ ! ( അതൊരു ഇരുപതു വയസ്സുള്ള മാലി പെണ്‍കുട്ടിയാണ് !) പെട്ടെന്ന്ഞാന്‍ ഓര്‍ത്തത്‌ അക്ബര്‍ കക്കട്ടിലിന്റെ ' 'പടക്കളത്തിലെ അഭിമന്യ '. എന്നകഥയാണ് !വിയര്‍ത്തൊലിച്ചു ഞാന്‍ ക്ലാസ്സില്‍ നിന്നും പുറത്തു വരുമ്പോള്‍സൂപ്പര്‍ വൈസര്‍ പറഞ്ഞു ' കുട്ടികളെ നല്ലവണ്ണം നിയന്ത്രിക്കണം " അത് എന്നെ കൂടുതല്‍ ഞെട്ടിച്ചു .
അന്നത്തെ ക്ലാസ്സ്‌ അനുഭവം ജോമിയോടു പങ്കുവെച്ചു . അത്കെട്ടു അവന്‍ പറഞ്ഞു " ഇതിലും കടുപ്പമാണ് എന്‍റെഅവസ്ഥ . "
ഓരോ ദിവസവും ഓരോ അത്ഭുതകാഴ്ചകള്‍ ഞാന്‍ ക്ലാസ്സില്‍ കണ്ടു . ചില ക്ലാസ്സ്‌മുറികള്‍ ഭ്രാന്തു ആശുപത്രിയിലെ ഒരു സെല്‍ പോലെ തോന്നി . ബഹളം , പൊട്ടിച്ചിരി , കടലാസ് റോക്കെറ്റ്‌കൾ , പൂച്ചകരച്ചില്‍ എന്നിങ്ങനെ പോകും .......അതിന്നിടയില്‍ എന്‍റെ ഇംഗ്ലീഷ് വാക്കുകള്‍ അടികൊണ്ട പാമ്പിനെ പോലെ ഇഴഞ്ഞു മുന്നേറും ! ഇടയ്ക്കു ബ്ലാക്ക്‌ ബോര്‍ഡിന് നേരെ നിന്നു മനസ്സില്‍തോന്നാവുന്ന എല്ലാ തെറിയും ഞാന്‍ സ്വയം മലയാളത്തില്‍ പറയും , ഒരുആശ്വാസത്തിന് !

ക്ലാസുകള്‍ കഴിഞ്ഞു വൈകീട്ട് കടല്‍ തീരത്ത് വന്നിരിക്കുമ്പോള്‍ മനസ്സ്ശാന്തമാകും . അപ്പോഴേക്കും കടലുമായി ഞാന്‍ ഒരു ആത്മബന്ധം ഉണ്ടാക്കി എന്ന്പറയാം ! ഹെമിംഗ് വെ യുടെ 'കിഴവനും കടലും ' വായിക്കുമ്പോള്‍ തോന്നിയ, നമ്മളിലേക്ക് പടരുന്ന കിഴവന്റെ നിഗൂഡമായ ഒരാനന്ദം ഒരു ചെറിയ അളവില്‍എന്നിലേക്ക്‌ സംക്രമിച്ചത് പോലെ ! അധ്യാപകന്‍ ക്ലാസ്സ്‌ മുറിയിൽ നോക്ക്കുത്തി യാവുക ഒരര്‍ത്ഥത്തില്‍ അയാളുടെ മരണത്തിനു തുല്യമാണ് !അതെക്കുറിച്ച് ഓര്‍ത്തപ്പോള്‍ കടുത്ത നിരാശ തോന്നി . എന്‍റെ പ്രവാസജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കണ്ടറിഞ്ഞ പോലെ കടല്‍ ഇളകി മറിഞ്ഞു ! ഇരുട്ട് പരന്നപ്പോള്‍ മുറിയിലേക്ക് നടന്നു . ഇപ്പോള്‍ തീരത്തെവൈദ്യുതദീപങ്ങള്‍ തെളിഞ്ഞു തുടങ്ങി . ഹോട്ടലിനു മുന്നിലെത്തിയപ്പോള്‍തമിഴ്നാട്ടില്‍ നിന്നും ഇവിടെ ഹോട്ടല്‍ പണിക്കു വന്ന മാരിയപ്പന്‍ ചോദിച്ചു 'എന്താ സുഖമല്ലേ , വീടിലേക്ക്‌ വിളിക്കാറില്ലേ ! ഞാന്‍ ഇവിടെ അഞ്ചു വര്ഷംകഴിഞ്ഞു ! ഈ മക്കളോട് പൊരുത്തപ്പെടാന്‍ വലിയ പാടാ മാഷേ ! പിടിച്ചുനില്‍ക്കൂ " മാരിയപ്പന്‍ ലോകത്ത് പലയിടങ്ങളിലും ജോലിചെയ്തിട്ടിണ്ട് മലയാളമടക്കം പല ഭാഷകളും അറിയാം . ദ്വീപില്‍ പലപ്പോഴും അയാള്‍ എനിക്കു വലിയആശ്വാസമായി . ഇടയ്ക്കു അയാളും അസ്വസ്ഥമാവുമ്പോള്‍ സ്വയം തെറി പറഞ്ഞുആശ്വസിക്കുന്നത് കേള്‍ക്കാം . ഒരിക്കല്‍ ദ്വീപിലെ എന്‍റെ ആദ്യപക സുഹൃത്ത്‌ സജി പറഞ്ഞത് ഓര്‍ക്കുന്നു " ദ്വീപില്‍ നിന്നും രണ്ടു സാധനം നമ്മള്‍നാട്ടിലേക്കു അയക്കും ഒന്ന് പണം അത് ബാങ്ക് വഴി മറ്റൊന്ന് മസ്സില്‍നിറയുന്ന ശുദ്ധ തെറിയും " . അത് ശരിയാണെന്ന് തോന്നിയിട്ടുണ്ട് .നാട്ടിലെത്തിയാല്‍ ആ തെറി പറയാതെ സൂക്ഷിക്കും !

" ഇവിടുത്തെ ഭാഷ ഒരു കാരണവശാലും പഠിക്കരുത് . ഇവര്‍ നമ്മളെ തെറി പറയുന്നത്മനസ്സിലായാല്‍ ആകെ നമ്മുടെ ബാലന്‍സ് തെറ്റും ' സുഹൃത്തായ സൂര്യന്‍ ഒരു സൂചനഎനിക്കു നല്‍കി . അത് ശരിയാണെന്ന് പിന്നെ മനസ്സിലായി. ചില കുട്ടികള്‍ ക്ലാസ്സില്‍ അധ്യാപകര്‍ക്ക് നേരെ പ്രയോഗിക്കുന്ന വാക്കുകള്‍അത്ര മോശമായിരുന്നു . അതുകൊണ്ട് തന്നെ ഇവരുടെ ഭാഷ ഞാന്‍ കൂടുതല്‍പഠിക്കാതെ പോയി ! ഹിന്ദി , സംസ്കൃതം , തമിഴ് , മലയാളം , അറബിക് എന്നീഭാഷകളിലെ പല വാക്കുകളും മാലി ഭാഷയായ ദ്വിവേഹി ( Dhivehi ) യില്‍ ഉണ്ട് !എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ഒരു ഭാഷ എങ്ങനെ പലയിടങ്ങളായിചിതറിക്കിടക്കുന്ന ദ്വീപുകളുടെ മാതൃഭാഷ ആയെന്നതതാണ് .... ഒരു ദ്വീപുംമറ്റൊരു ദ്വീപും തമ്മില്‍ പലതിനും നല്ല അകലമുണ്ട് . ഒരു ദ്വീപു വാസികള്‍അടുത്ത ദ്വീപുകാരെ പലപ്പോഴും അന്യരായിട്ടുതന്നെ കാണുന്നു ! അതുകൊണ്ട്വിവാഹം പോലും രണ്ടു ദ്വീപു വാസികള്‍ തമ്മില്‍ അധികം ബന്ധം ഉണ്ടാകാരിരില്ല !ഏതാണ്ട് 2000 - 3000 ത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ദ്വീപുവാസികള്‍തമ്മിലുള്ള വിവാഹം അധികവും ബന്ധുകള്‍ തമ്മിലുള്ള വിവാഹ ബന്ധമാകും ! ചെറിയഒരു ദ്വീപില്‍ തന്നെ ചിലയിടങ്ങളില്‍ പ്രാദേശീക ഭിന്നതകള്‍ കാണാം ! ഒരുചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുടെ ഒരറ്റം മറ്റേ അറ്റതിനു അന്യദേശം !


' നിങ്ങള്‍ എത്ര പെണ്‍കുട്ടികളെ പ്രേമിച്ചിട്ടുണ്ട് ' ഒരു പയ്യന്‍റെ ഈചോദ്യമാണ് ഒരു ദിവസം രാവിലെ എന്നെ അഭ്മുഖീകരിച്ചത് . എന്‍റെ മനസ്സില്‍ പഴയപ്രണയ നിലാവുകള്‍ പെയ്തിറങ്ങുന്നതിനു പകരം വിണ്ടു കീറിയ എന്‍റെ മനസ്സിന്റെസമതലങ്ങളില്‍ നിന്നും പ്രവഹിച്ച നിശ്വാസം ഒരു ഞരക്കമായി ഇങ്ങനെ മൊഴിഞ്ഞു "ആയിരം സുന്ദരികളെ !" ക്ലാസ്സ്‌ മുറി പിന്നെ അലകടലായി . അവന്റെപുസ്കത്തില്‍ അടുക്കടുക്കായി സൂക്ഷിച്ച ഐശ്വര്യറായി മുതലുള്ള ഹിന്ദിതാരങ്ങളുടെ അര്‍ദ്ധനഗ്നമേനിയഴകുള്ള ചിത്രങ്ങള്‍ കാട്ടി അവന്‍ ചോദിച്ചു "ഇതേ പോലെ സുന്ദരികള്‍ ?!" അവരുടെ അത്ഭുതവും ആകാംക്ഷക്കുമുള്ള എന്‍റെമറുപടി , " അതിലും സുന്ദരികള്‍ " , അവനെ അത് അമ്പരപ്പിച്ചിരിക്കണം . ചോദ്യംഅവിടെ നിലച്ചു ! ഇവര്‍ക്ക് പ്രണയം കുഞ്ഞുപ്രായത്തിലെ തുടങ്ങുന്നു . പത്താം ക്ലാസ്സിലും പ്രണയിക്കാത്ത ഒരു ആണ്‍കുട്ടിയുടെ അമ്മ അവനെ പറ്റിപറഞ്ഞത് " അവന്‍ ആണല്ല . ആണ്‍ കുട്ടികള്‍ ഇങ്ങനെ ആണോ " എന്നാണ് !കാമുകന്‍റെ ക്രൂരത സഹിക്കാതെ സ്കൂളില്‍ വന്നു കരഞ്ഞ ഒരു ഒമ്പതാം ക്ലാസ്സുകാരിക്ക് അവന്‍റെ സ്വാര്‍ത്ഥത ( possessiveness ) അസഹ്യമായി . അവള്‍ നെറ്റ്ബോള്‍ കളിക്കാന്‍ പോയത് അവന്‍റെ സമ്മതംഇല്ലാതെയായിരുന്നു .അതവനെ പ്രകോപിപ്പിച്ചു.!രാത്രി കടലോരങ്ങള്‍ , ചെറിയ കാടുകള്‍ ഇവ പ്രണയിനികളുടെ രതിക്രീഡയില്‍മയങ്ങുന്നു ! പിറ്റേന്ന് ക്ലാസ്സ്‌ മുറിയില്‍ അതിന്റെ ശേഷിപ്പ് ചിലകുട്ടികളുടെ മുഖത്ത് കാണാം ........!

" രാത്രി അധികം വൈകി ദ്വീപില്‍ കൂടി നടക്കല്ലേ മാഷെ ഇവര്‍ആക്രമിക്കും " ഒരിക്കല്‍ മാരിയപ്പന്‍ ഓര്‍മിപ്പിച്ചു . ചിലര്‍ നന്നായിട്ട് മയക്കുമരുന്ന് കഴിച്ച ലഹരിയിലാവും ! കഴിഞ്ഞ വര്ഷം ഒരു മലയാളി അധ്യാപക ൻ വിജനമായ ദ്വീപിലെ പാതയില്‍ ഒരു മയക്കു മരുന്നിന്‍റെ അടിമയായ ആള്‍ ഓടിച്ചുവന്ന ബൈക്ക് ഇടിച്ചു പരുക്കേറ്റു . അയാള്‍ പിന്നെ ഇവിടെ നിന്നില്ല .രാജികൊടുത്തു ഇന്ത്യയിലേക്ക്‌ മടങ്ങി ! പല ദ്വീപിലും ഇപ്പോള്‍മയക്കുമരുന്ന് വ്യാപകമാവുന്നു !ഇരുട്ടായാല്‍ തീരെ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത ചില ദ്വീപുകള്‍ ഉണ്ട് .അവിടെ വിദേശികള്‍ പലപ്പോഴും ആക്രമിക്കപ്പെടുന്നു . ചില അധ്യാപികമാര്‍മാനഭംഗംത്തിനു ഇരയായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട് . ഗര്‍ഭിണിയായ ഒരു അധ്യാപിക കഴിഞ്ഞ വര്ഷം ആക്രമിക്കപെട്ടത്‌ ഞങ്ങളെ ശരിക്കും ഞെട്ടിച്ചു .ഇതൊക്കെ ഉണ്ടാകുമ്പോഴും നമ്മുടെ എമ്പസ്സിയോ സര്‍ക്കാരോ കാര്യമായി ഒന്നുംചെയ്യാറില്ല ! ഇതൊക്കെ ശ്രദ്ധിക്കാന്‍ അവര്‍ക്ക് എവിടെ നേരം ?

ദ്വീപില്‍ പുതിയ വാര്‍ത്തകള്‍ ഒന്നും ഉണ്ടാകാറില്ല . പലപ്പോഴുംവാര്‍ത്തകള്‍ നമുക്ക് സംഭവിക്കുന്ന അബദ്ധങ്ങള്‍ ആവും . അതുകൊണ്ട് പലരുംകൂടുതല്‍ മനസ്സ് തുറക്കാറില്ല . ഇടയ്ക്കു കിട്ടുന്ന ചില സൌഹൃതകൂട്ടായ്മകള്‍ പിന്നിട്ടാല്‍ വീണ്ടും തനിച്ചാണ് . പലപ്പോഴും ആരുടെയെങ്കിലുംഒരു കുത്തി നോവിക്കുന്ന വാക്ക് മതി ഒരു ദിവസം മുഴുവന്‍ അസ്വസ്ഥമാവാന്‍ .ഇടയ്ക്കു തീരത്തിരിക്കുമ്പോള്‍ എന്നെക്കാള്‍ മുതിര്‍ന്ന ജോസ് സര്‍ പറയും , " ഇവിടെ വരുന്ന ഓരോ ആള്‍ക്കും എന്തെന്തു ലക്ഷ്യങ്ങള്‍ . ഞാന്‍ നാട്ടില്‍ഏറെ ജോലി ചെയ്തു , എന്തെങ്കിലും സമ്പാദിച്ചെന്നു പറയാനില്ല . മകളുടെവിവാഹമാണ് മനസ്സില്‍ നിറയെ ............." നാട്ടില്‍ അവധിക്കാലത്ത്‌പോയപ്പോള്‍ കൂടെ ജോലിചെയ്യുന്ന മനോജിന്‍റെ ഫോണ്‍ വന്നത് ഓര്‍ക്കുന്നു . "സര്‍ , നമ്മുടെ ജോസ് സര്‍ പോയി ". എപ്പോഴും വയറു വേദനയെന്നു ജോസ് സര്‍പറയുമായിരുന്നു . ദ്വീപിലെ പരിമിതമായ ചികിത്സയില്‍ അദ്ദേഹം ഒതുങ്ങി .കാന്‍സര്‍ തന്‍റെ ശരീരത്തെ ഇഞ്ചിഞ്ചായി കാര്‍ന്നു തിന്നത് അദ്ദേഹംഅറിഞ്ഞിരുന്നില്ല ! വീണ്ടും ദ്വീപില്‍ തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ഓര്‍ത്തു , " വെറുതെ ആശിക്കുകയാണ് നമ്മള്‍പലതും . ഒടുക്കം തീരത്ത്‌ അലിഞ്ഞു തീരുന്ന ഈതിരകള്‍ പോലെ നമ്മുടെ സ്വപ്നങ്ങളും കെട്ടൊടുങ്ങുന്നു . ''

"ഓരോ ദിവസവും കഴിഞ്ഞാല്‍ ആ ദിനം പിന്നിട്ടെന്നു കരുതാം . ഒരുദീര്‍ഘകാലസ്വപ്നം ഇവിടെ പുലര്‍ത്തേണ്ട '" സഹപ്രവര്‍ത്തകനായ ഷിജാദ്ഒരിക്കല്‍ പുതുതായി വന്ന അധ്യാപകരായ റാഫിയോടും സുധീഷിനോടുമായി പറഞ്ഞു .അതുകേട്ടു അവര്‍ അമ്പരന്നെങ്കിലും തുടര്‍ന്ന് വന്ന സംഭവങ്ങള്‍ അങ്ങനെആയിരുന്നു . ഒരു സുപ്രഭാതത്തില്‍ പ്രധാന അധ്യാപകന്‍ പുഷ്പരാജ് ഞങ്ങളോട്യാത്ര പോലും പറയാതെ മറ്റൊരു ദ്വീപിലേക്ക് ട്രാന്‍സ്ഫര്‍ പോകേണ്ടി വന്നു .സ്കൂള്‍ മാനേജ്‌മന്റ്‌ മായുള്ള എന്തോ പ്രശ്നം ആണ് കാരണം . മറ്റൊന്ന്സതീഷ്‌ എന്ന അധ്യാപകനെ ഒരു നിസ്സാര കാര്യത്തിന് പിരിച്ചു വിട്ടതായിരുന്നു ! അദ്ദേഹം ബോട്ടില്‍ കയറി യാത്രയാകുമ്പോള്‍ , അദ്ദേഹം അതേവരെ പഠിപ്പിച്ചഒരു കുട്ടി പോലും അവിടെ വന്നില്ല . ഒരു സ്നേഹബന്ധവും ഇവിടെ അധ്യാപകനും വിദ്യാർത്ഥിയും തമ്മില്‍ ഉണ്ടാകാറില്ല . ഈ ചെറിയ ദ്വീപ്‌ ഒരു വിചിത്രലോകമാണ് . കിണറ്റിലെ തവളകളെ പോലെ കുറെ മനുഷ്യര്‍ ! അവരുടെ ചെറിയ ലോകവുമായിപൊരുത്തപ്പെടുക വലിയ സമ്മര്‍ദം നമ്മളില്‍ സൃഷ്ടിക്കും . ദ്വീപില്‍മനുഷ്യവാസംഉണ്ടായിട്ടും ക്രുസ്സോഎന്ന കഥാപാത്രം എന്നില്‍ പുനര്ജീവിക്കും പോലെ തോന്നി .'ചെറിയ ചെറിയ ഭൂകമ്പങ്ങളില്‍ ' മനസ്സ് മടുത്തുകൊണ്ടിരുന്നു . നിലാവ്പെയ്യുന്ന തീരത്തിരുന്നു ഒരുനാള്‍ രാവേറെ ചെല്ലുവോളം ഞാനും സതീഷും പാട്ട്പാടിയത് ഒരുതരം വിമ്മിഷ്ടത്തിന്റെ അറുതിയില്‍ നിന്നായിരുന്നു !കടലും ആകാശവും നിലാവില്‍ കുതിര്‍ന്നു നിന്ന് തീരത്ത് കിടക്കുന്ന ഞങ്ങളില്‍എന്തോ മന്ത്രണം ചെയ്യും പോലെ . ലോകത്തെ ഏറ്റവും നല്ല സുഹൃത്ത് ഈ പ്രകൃതിതന്നെ എന്ന് തോന്നി . അപ്പോള്‍ എന്റെ കണ്ണ്നിറയുന്നത് വലിയൊരു ആനന്ദത്തോടെഞാന്‍ അറിഞ്ഞു ..........

ദ്വീപില്‍ മഴപെയ്യുമ്പോള്‍ നാട്ഓര്‍മവരും . തിമര്‍ത്തു പെയ്യുന്ന മഴയുടെ ഓര്‍മ്മകള്‍ വീണ്ടും തളിരിടുംപോലെ തോന്നും മുറിയുടെ മേല്‍ക്കൂരയില്‍ കടുത്തശബ്ദത്തില്‍ മഴയുടെതാളം കേൾക്കുമ്പോള്‍ . ഇടയ്ക്കുപുറത്തേക്ക് ഇറങ്ങിയാലോ എന്ന്തോന്നും . വീശിയടിക്കുന്ന കാറ്റില്‍ കുടയുടെ ശീലപോലും പറന്നുപോകും .പലപ്പോഴും മുറിയില്‍ തന്നെ മഴയുടെ താളത്തില്‍ മയങ്ങി നേരംപിന്നിടും . ഇടയ്ക്കുതീരത്ത്‌ ചെന്നിരിക്കും . മഴപെയ്യുമ്പോള്‍ കടലിന്റെ രൌദ്രഭാവംനമ്മെ ഭയപ്പെടുത്തും ! ഓരോദിവസവുംകടല്‍ മാറുന്നു. എന്‍റെ ഏകാന്തതയില്‍ കടല്‍ വരച്ചിടുന്നചിത്രങ്ങളില്‍ വിവിധഭാവങ്ങള്‍ . കടലിന്റെഅനിഷേധ്യമായഈസാന്നിധ്യം എന്നും ഒരാശ്വാസമാണ് !തീരത്ത്‌ തനിച്ചിരിക്കുമ്പോള്‍ എന്‍റെ മക്കള്‍ അമ്മുവും അപ്പുവും അടുത്തുവരുമ്പോലെതോന്നും . ചാള്‍സ് ലാമ്പിന്റെ 'DREAM CHILDREN' ( Charles Lamb ‘S Dream Children )എന്ന ലേഖനത്തില്‍ പറയും പോലെസാങ്കല്പിക ലോകത്ത് നിന്നല്ല മനസ്സിന്‍റെ അകത്തളങ്ങളില്‍ നിന്നും ഒരുനെടുവീര്‍പ്പ് പോലെ ! കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ വരുന്ന അവരുടെ കൊഞ്ചലുകളും ചിരികളും ഒരു പ്രവാസിക്ക് അന്യമാണ് . ഒരു മാസാന്ത്യംലഭിക്കുന്ന ശമ്പളത്തിന്റെ ഇത്തിരി പൊലിമയില്‍ അവരത് മറക്കുന്നു . നിശബ്ദമായനിലവിളികളുടെ പാരിതോഷികം എന്നെനിക്കു തോന്നും ശമ്പളം മേടിക്കുമ്പോള്‍ ......

ആദ്യത്തെ ദ്വീപില്‍ നിന്നും ഒന്നര വര്‍ഷത്തിനു ശേഷം വളരെ ദൂരെയുള്ള മറ്റൊരുദ്വീപിലേക്ക് ട്രാന്‍സ്ഫര്‍ ആയി . ആധ്യാപകരുടെ ആധിക്യം ആണ് കാരണം . നീണ്ടകടല്‍യാത്ര . ബോട്ടിന്‍റെ അലര്‍ച്ചയും നാട്ടുകാരുടെ ബഹളവും അകന്നുകടലിന്‍റെ അപാരതയിലേക്കു നോക്കി ഞാന്‍ ഇരിക്കും . കടല്‍ തിളച്ചു മറിയുംപോലെ ! ദൂര്നിന്നു കൂട്ടമായി വരുന്ന ഡോള്‍ഫിന്‍ കൂട്ടങ്ങള്‍ജലോപരിതലത്തില്‍ നൃത്തം ചെയ്തു അകലുന്നു . ചില ചെറു മത്സ്യങ്ങള്‍വായുവിലൂടെ പറന്നു വെള്ളത്തില്‍ അമരുന്നു . ദീര്‍ഘവൃത്താകൃതിയില്‍ഇളകിയാടുന്ന കടലിന്‍റെ നെറുകയില്‍ നില്‍ക്കുന്ന ഒരു വന്മരം പോലെ ഞാന്‍വളര്‍ന്നു കൊണ്ടിരുന്നു . പിന്നീട് പുതിയ ദ്വീപില്‍ എത്തിയപ്പോള്‍ കടലിന്‍റെ വിസ്തൃത വിതാനത്തു നിന്നും പുതിയ ദ്വീപിന്റെ സൂഷ്മവൃത്തത്തിലേക്ക് ഞാന്‍ വേണ്ടും അകപ്പെടുകയായി . ഒരു വര്‍ഷത്തിനകം വേണ്ടുംരണ്ടു ദ്വീപുകള്‍ ......പുതിയ ദ്വീപുകള്‍ , അവിടുത്തെ നാട്ടുകാര്‍, പുതിയ നിയമങ്ങള്‍ , പുതിയ കൂട്ടുകാര്‍ .......എന്‍റെ ചിന്തകളിലും പലതരം വേറിട്ട അനുഭവമായിഇതേവരെ കഴിഞ്ഞ മൂന്നു ദ്വീപുകളിലെ ജിവിതം . പലയിടങ്ങളും പത്തു മലയാളികള്‍ഒത്തു പോകുന്നത് ഞാന്‍ കണ്ടില്ല !ഒരു സിനിമയിലെ 'എല്ലാ കഥാ പാത്രങ്ങളും 'നമുക്ക് ഇവിടെനേര്‍ക്കാഴ്ചകള്‍ ആകും !ആരോടും ഒന്നും തുറന്നു പറയരുത് എന്ന് വീണ്ടും ഞാന്‍ ഓരോ ദ്വീപില്‍ നിന്നുംമനസ്സിലാക്കി ! നാട്ടിലെ വിസ്തൃത ലോകത്ത് ആള്‍ക്കാര്‍ ഇത്ര അടുത്തു ഒരു' ക്ലോസപ്പ് ഷോട്ടില്‍' കിട്ടില്ല ! എന്നാല്‍ ഒരാളുടെ ഭാവപകര്‍ച്ച അത്ര കേമംആകും ഈ ദ്വീപു ജീവിതത്തില്‍ ! പതുക്കെപ്പതുക്കെ എന്‍റെ ജീവിതം കിടപ്പ്മുറി , സ്കൂള്‍ , കടല്‍ ത്തീരം ഇവയില്‍ ഒതുങ്ങി ക്കൊണ്ടിരുന്നു ...............

ഇപ്പോള്‍ അഞ്ഞൂറ് ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം ഉള്ള ഒരു കുഞ്ഞു ദ്വീപിലെഎന്‍റെ ജീവിതം പലതിനോടും സമരസപ്പെടും പോലെ ! സ്കൂള്‍ നിയമങ്ങളില്‍ നിന്ന് അണുവിടെ വ്യതിചലിക്കാത്ത സൂപ്പര്‍വൈസര്‍ ശ്രീകുമാര്‍ സര്‍ പലപ്പോഴുംനല്ലൊരു പച്ചപ്പായി നില്‍ക്കുന്നത്എന്നില്‍ ഒരു ശീതളിമ പകരുന്നു . '' ഇവിടെ നമ്മള്‍ പഠിച്ചു വന്ന വിഷയങ്ങളുടെ ഒരു പ്രഭാവം ഒന്നും വേണ്ട ,ഏതെങ്കിലും തരത്തിലുള്ള ഒരഭ്യാസം മതി " ഒരിക്കല്‍ ഇംഗ്ലീഷ് അധ്യാപകന്‍ പ്രകാശ് പറഞ്ഞതോര്‍ക്കുന്നു . സ്കൂള്‍ നിയമങ്ങളെ കാറ്റില്‍ പരത്തുന്നതാവും ക്ലാസ്സില്‍ ലഭിക്കുന്ന അനുഭവം ! ക്ലാസുകള്‍ ക്കപ്പുറം മറ്റെന്തെങ്കിലുംനല്‍കിയാല്‍ അതില്‍ എന്തെങ്കിലും പിഴവ് ആരെങ്കിലും കണ്ടെത്തും ! അതിന്‍റെതിക്താനുഭവം ഞാനും പ്രകാശും പലപ്പോഴും അനുഭവിച്ചിട്ടുണ്ട് . അതുകൊണ്ട്തന്നെ ഞങ്ങളിലെ അധ്യാപകന്‍ ഓരോ ദിവസവും ശൂന്യ മായിക്കൊണ്ടിരുന്നു !" കുറെവര്‍ക്ക്‌ ഷീറ്റ്, പാസ്റ്റ് പേപ്പര്‍ ഇതുമതിയാവും ഒരു ക്ലാസ്സ്‌ നടത്താന്‍ .വിഷയങ്ങളില്‍ ഒരു അവഗാഹം ഒരധിക പറ്റാ. അതില്ലെങ്കില്‍ പിന്നെ ഭൂകമ്പം ആവും " കോഴിക്കോട്ടുകാരന്‍ ജിമ്മി ഒരിക്കല്‍ സ്റ്റാഫ്‌ റൂമില്‍ നിന്നും ഇങ്ങനെ ഉറക്കെ പറഞ്ഞപ്പോള്‍ അന്നന്ന് വേണ്ട വര്‍ക്ക്‌ ഷീറ്റ് തയ്യാറാക്കുന്നമന്‍സൂറും , മുംതാസും ഒരുതരം വിമ്മിഷ്ടതോടെ അത് കേട്ട് നിന്നു......!

അറുപതു വര്‍ഷത്തിലേറെ ആഫ്രിക്കന്‍ കാടുകളില്‍ രോഗികളെ ശുശ്രൂഷിച്ച ഡോക്ടര്‍ Albert Schweitzerമനം മടുക്കാതിരിക്കാന്‍ ബാക്ക് സംഗീതം ( Bach Music)ആസ്വദിക്കുമായിരുന്നു ! ഇല്ലെങ്കില്‍ ഒരര്‍ഥത്തില്‍ മനുഷ്യന്‍റെ ഗുണം തന്നെനഷ്ടപ്പെട്ടേക്കാംഎന്ന് അദ്ദേഹം കരുതി! ഇവിടെ മനസ്സ് അതിന്‍റെ സഹജ ഭാവത്തോടെ നിലനിര്‍ത്താന്‍ഇടയ്ക്കു പലരെയും പോലെ ഞാനും പാട് പെടുന്നു . തീരത്ത്‌ നിന്നും അകന്നുപോവുന്ന ബോട്ടുകളുടെ ഇരമ്പം തീര്‍ക്കുന്ന നെടുവീര്‍പ്പില്‍ ഞാന്‍ സ്വയംപറയാറുണ്ട് . ഇതൊരു തുറന്ന ജയില്‍ പോലെ . ഈ തടവില്‍ നിന്നും എന്ന്വേണമെങ്കിലും നാട്ടില്‍ പോകാം ! എന്നാല്‍ അവിടെയും ഒരു പാട് തടവുകളില്‍തന്നെ ജീവിതം ! ക്രൂസോ നിനക്കൊരു പ്രത്യാശയുമായി ദൂരെ നിന്നു ഒരു ചെറുചങ്ങാടം വരികയും സ്വപ്നാഭാമായ ലോകത്തേക്ക് നീ യാത്രയാകം ചെയ്തു ..... അതേപോലെ ഇവിടെ ഈ ഏകാന്തതയില്‍ നിന്നും ശബ്ധമാനമായ ലോകത്തേക്ക്എനിക്കെപ്പോഴും നീങ്ങാം , എന്നിട്ടും അവിടെ വരാവുന്ന മറ്റു ഭയാനകതയെക്കാള്‍ഞാന്‍ ഈ ഏകാന്തതയെ ഞാന്‍ ഇഷ്ടപ്പെടുന്നു . അതെന്‍റെ കൂട്ടുകാരന്‍ആയിരിക്കുന്നു . ഇപ്പോള്‍ ഞാന്‍ ഈ ദ്വീപിന്‍റെ ഭാഗം ആയതു പോലെ !

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ