വരവുണ്ടെന്‍ കണ്ണന്‍


പിച്ചവേച്ചോടി നടക്കുന്ന കണ്ണനെ
വാത്സല്യത്തോടെ പുണര്‍ന്നൊരീ രാധ ഞാന്‍.
അമ്മയായ് തോഴിയായ് കൂടെനിന്നെന്നും
കണ്ണനെ ലാളിച്ച ഗോപാംഗനയെന്നോ ഞാന്‍?

ദാസിയായ്‌ കണ്ണന്‍റെ പ്രാണപ്രിയയായി

വിരഹം കൊണ്ടു വലഞ്ഞു പോകുന്നിപ്പോള്‍!

പാറുന്നു ദൂരെ സ്വര്‍ണമണല്‍രേണുക്കള്‍,
വരവുണ്ടെന്‍ കണ്ണന്‍ അശ്വരഥമേറി.
കണ്ണില്‍ തിളങ്ങും കുസൃതിയുണ്ടാവും,
ചുണ്ടില്‍ മധുവൂറും പുഞ്ചിരിയുമുണ്ടാം,
വെണ്ണക്കൈ കണ്ടുഞാന്‍ മെല്ലെച്ചൊടിക്കുമ്പോള്‍
കാണുമാ കള്ളപ്പരിഭവവുമുണ്ടാം.

കേള്‍ക്കാന്‍ തിടുക്കമായാ വേണുഗാനം,
കാണാന്‍ തിടുക്കമായാ മഞ്ജുരൂപം.
അശ്വവേഗത്തില്‍ തുടിക്കുന്നെന്‍ പ്രാണനും
കണ്ണാ നീയെന്നുടെ ചാരത്തണയുമ്പോള്‍.
കുന്നിമണികളാല്‍ ഞാന്‍ കോര്‍ത്ത മണിമാല
കൈയില്‍ക്കിടന്നു പിടക്കുന്നതെന്തിനോ?

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ