ഭാഷ

ഭാഷ ആശയവിനിമയോപാധി എന്നതുപോലെ തന്നെ ഒരു സാംസ്കാരിക മാധ്യമം കൂടിയാണ്‌. മലയാളഭാഷയിലൂടെയാണ്‌ മലയാളിയുടെ സ്വത്വം നിര്‍വചിക്കപ്പെടുന്നത്‌. പക്ഷേ, മലയാളി സ്വന്തം ഭാഷയ്ക്ക്‌ അര്‍ഹിക്കുന്ന സ്നേഹവും ബഹുമാനവും നല്‍കാറില്ല. തമിഴരും ബംഗാളിയും കന്നടക്കാരും ഹിന്ദിക്കാരും അവരുടെ ഭാഷയില്‍ ആത്മാഭിമാനം പുലര്‍ത്തുകയും അതിന്റെ നിലനില്‍പ്പിനുവേണ്ടിപോരാടുകയും ചെയ്യുന്നവരാണ്‌. മലയാളഭാഷയെ അവഗണിക്കുന്നത്‌ മലയാളിതന്നെയാണെന്നു സാരം. ഈ അവഗണന മാതൃഭാഷയുടെ മരണത്തിലേ കലാശിക്കൂ. അതുകൊണ്ട്‌ ഏഴാം ക്ലാസ്സുവരെയെങ്കിലും നമ്മുടെ കുട്ടികള്‍ എല്ലാവിഷയവും മലയാളത്തില്‍ പഠിക്കണം. അനുബന്ധ ഭാഷയായി ഇംഗ്ലീഷും പഠിക്കണം. മാതൃഭാഷയോടുള്ള സ്നേഹം, മറ്റുഭാഷകളോടുള്ള വിരോധത്തില്‍ കലാശിക്കാതിരിക്കാനും അവരുടെ ലോകവീക്ഷണത്തെ കൂടുതല്‍ വിശാലമാക്കാനും ഇത്‌ ഉപകരിക്കും.
തമിഴ്‌- തെലുങ്ക്‌- കന്നട ഭാഷകള്‍ക്ക്‌ അതാതിന്റെ പേരില്‍ സര്‍വകലാശാലകള്‍ ഉണ്ട്‌. എന്നാല്‍ ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപപെട്ടിട്ട്‌ 53 വര്‍ഷം കഴിഞ്ഞിട്ടും മലയാളഭാഷയ്ക്കായി ഒരു സര്‍വകലാശാലയില്ലെന്നത്‌ നമ്മുടെ കെടുകാര്യസ്ഥതയല്ലെങ്കില്‍ മറ്റെന്താണ്‌.!! മലയാളിയുടെ ആത്മാഭിമാനമില്ലായ്മയും അസംഘടിത രീതിയുമാണ്‌ ഈ ദുസ്ഥിതിയ്ക്കടിസ്ഥാനം. നമ്മുടെ ഭാഷയുടെ ഊര്‍ജ്ജവും സംക്രമണശക്തിയും വരും തലമുറയ്ക്ക്‌ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ നമുക്ക്‌ ഉണര്‍ന്നു പ്രവര്‍ത്തിക്കാം

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ