ക്രൂശിതന്‍


ആ റൂട്ടിലെയ്ക്കുള്ള അന്നത്തെ അവസാന ബസ്സില്‍ ,തന്റെ ജീവിതം പോലെ വളഞ്ഞു പുളഞ്ഞതും കുണ്ടുംകുഴിയും .നിറഞ്ഞതുമായ പാതയിലൂടെ അലക്സ്‌ സഞ്ചരിയ്ക്കുകയാണ്. കാലങ്ങളായ് പ്രായോഗിക പരീക്ഷയ്ക്ക് മുതിരാത്ത വാല്സ്യാനങ്ങളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേയ്ക്കുള്ള പ്രയാണം .തെറ്റുകളുടെ കുത്തൊഴുക്കില്‍ അറിഞ്ഞോ അറിയാതെയോ പറ്റാത്തതും അതു തന്നെയായിരുന്നു. ജീവിതം തന്നെ കൊണ്ടെത്തിച്ച നാല്കവലകളില്‍ ഇനിയെങ്ങോട്ടു പോകണമെന്നറിയാതെ ശങ്കിച്ചു നിന്നിരുന്നു . തെരഞ്ഞെടുക്കുന്ന വഴികളുടെ മിനുസതയില്‍ ഒളിഞ്ഞിരിയ്ക്കുന്ന കള്ളിമുള്ളിന്റെ നോവിന്റെ ബാക്കിപത്രം പോലെ തന്റെ ജീവിതം തേങ്ങലുകളുടെ ,മറ്റൊരു തരത്തില്‍ അതിവൈകാരികതകളുടെ കുത്തൊഴുക്കില്‍പ്പെട്ടുപോയി. അങ്ങിനെയുള്ള ഒരു ഒഴുക്കിന്റെ ഈ പോക്ക് സദാചാരത്തിനു മേലുള്ള ആണിയും കൊണ്ടായിരുന്നു .ബസ്സില്‍ നന്നേ ആളുകുറവാണ് . പോകേണ്ട സ്ഥലത്തു മുന്‍പു പോയിട്ടും ഇല്ല . കേട്ടറിവ് മാത്രമാണ് ,പരീക്ഷണത്തിന്റെ അടുത്ത അധ്യായത്തിലേയ്ക്കുള്ള പാതയിലെ പ്രചോദനം .

ബസ്സ് പുല്ലാങ്കരയിലെത്തി സമയം പത്തു കഴിഞ്ഞിരിയ്ക്കുന്നു . ജംഗ്ഷനില്‍ അരണ്ട തെരുവുവിളക്കിനെ നിലാവ് തോല്‍പ്പിയ്ക്കുന്നു . നന്നായ്‌ കാറ്റടിയ്ക്കുന്നുണ്ട് .ഒറ്റനോട്ടത്തില്‍ അല്‍പ്പം ഭീതി ജനിപ്പിയ്ക്കുന്ന അന്തരീക്ഷം .ശ്വാനന്മാരുടെ സമ്മേളനം കുറച്ചകലെ കണ്ടു. ഓരിയിടലില്‍ കാലന്‍ ചിരിയ്ക്കുന്നു .ഭീകര രൂപിണിയായ നിശയുടെ ഈ ഭാവത്തില്‍ ഏക ആശ്വാസം എപ്പോഴും കൂടെ ഗമിയ്ക്കുന്ന മതിക്കല തന്നെ. നാല് റോഡുകള്‍ ചേരുന്ന ഭാഗത്താണ് താന്‍ നില്‍ക്കുന്നതെന്ന് അലക്സ്‌ മനസ്സിലാക്കി . ജീവിതത്തിലെ മറ്റൊരു നാല്‍ക്കവല .ഒരു വഴിചെല്ലുന്നത് പള്ളിയിലേയ്ക്കാണ് .കാടും പിടിച്ചു അശ്രദ്ധമായിക്കിടക്കുന്ന പള്ളിവഴി.വിശ്വഗോപുരത്തിലെന്നപോലെ ദൈവപുത്രന്‍ നോക്കി ചിരിയ്ക്കുന്നു .അയ്യാള്‍ തല കുനിച്ചു നടത്തം തുടങ്ങി . ലക്ഷ്യമറിയാതെ .

ആരോടെങ്കിലും ചോദിയ്ക്കാമെന്നു വച്ചാല്‍ മനുഷ്യരാകെ വംശനാശം വന്ന സ്ഥലം പോലെയുണ്ട് .ങാ ...ദാ..ഒരാളുവരുന്നുണ്ട് .അയ്യാളോട് ചോദിയ്ക്കാം . അലക്സിനു നെഞ്ചിടിപ്പ് കൂടി . അയ്യാള്‍ അടുത്ത് വന്നു ഒരു പടുവൃദ്ധനാണ്. നല്ലകൂനുമുണ്ട്.ദേഹമാകെ ചുക്കിച്ചുളുങ്ങി ആ നിശയില്‍ ഭയം തോന്നുന്ന വേഷം . മദ്യത്തിന്റെ ഗന്ധവുമുണ്ട് .

"അമ്മാവോ ..ഈ മാഗി എന്ന സ്ത്രീയുടെ വീടേതാണ് ....?" അലക്സ്‌ വല്ലാത്തൊരു ജാല്യതയില്‍ ചോദിച്ചോപ്പിച്ചു .

വൃദ്ധന്‍ അലക്സിനെ അടിമുടി ഒന്ന് നോക്കി .ഒന്നും മിണ്ടിയില്ല . കയ്യിലിരുന്ന വടി ചൂണ്ടിക്കാണിച്ചു .എന്നിട്ടു നടന്നകന്നു .പോകുന്നതിനിടയില്‍ ആ സദാചാര കാംഷി തന്റെ സദാചാരത്തിന്റെ അളവുകോലായി കാര്‍ക്കിച്ചു തുപ്പി .അലക്സ്‌ അയ്യാള്‍ കാണിച്ച ദിക്കിലേയ്ക്ക്‌ നോക്കി .അങ്ങ് ദൂരെയായി ഒരു കൊച്ചു വീട്. ചന്ദ്രക്കലയുടെ അരണ്ട വെട്ടത്തിന്റെ പിന്‍ബലത്തില്‍ അയ്യാള്‍ അങ്ങോട്ടു നീങ്ങി . ഒടുങ്ങാത്ത തൃഷ്ണകള്‍ക്കുള്ള പ്രായോഗിക മന്ദിരത്തെ നടക്കുന്നതിനിടയില്‍ അയ്യാള്‍ പലവട്ടം നോക്കി .

മാഗിയുടെ വീട്ടിലേയ്ക്കുള്ള വഴി നീണ്ടു നിവര്‍ന്നു കിടന്നു . മനുഷ്യപാദങ്ങള്‍ സ്ഥിരമായി ചലിയ്ക്കുന്ന വഴിയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നും. പുല്‍നാമ്പുകള്‍ പോലും ഓടിയൊളിച്ചിരിയ്ക്കുന്നു. നല്ല മിനുസമുള്ള വഴിതന്നെ അതിനിരുവശവും കുറ്റിക്കാടുകളും അത്ര സമതലമല്ലാത്ത സ്ഥലങ്ങളും ആണ് . ആ വിജനതയില്‍ മാഗിയുടെ വീട് ഒറ്റയ്ക്കങ്ങനെ നില്‍ക്കുകയാണ്‌ .ആരെയും ആകര്ഷിയ്ക്കും വിധത്തില്‍. അകലെയുള്ള പള്ളിയില്‍ മണിമുഴങ്ങി .ഈരാത്രിയില്‍ ആരാ അവിടെ മണിയടിയ്ക്കുന്നതെന്ന് അയ്യാള്‍ക്ക് തോന്നാതിരുന്നില്ല .

മാഗിയെക്കുറിച്ചു കേട്ടറിവ് മാത്രമേയുള്ളൂ . മാഗി നഗരത്തില്‍ ഉണ്ടായിരുന്ന സമയത്ത് അലക്സ്‌ അവളെ കണ്ടിട്ടില്ല .പലപ്രാവശ്യം സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും എന്തെങ്കിലുമൊക്കെ തടസ്സം നേരിടും. ആരോ മനഃപൂര്‍വ്വം ചെയുന്നതുപോലെ . തന്നില്‍ ദൈവത്തിനു എന്താണ് ഇത്ര ശ്രദ്ധയെന്നു പോലും അയ്യാള്‍ ചിന്തിക്കുമായിരുന്നു. യുക്തിവാദിയൊന്നും അല്ല .എങ്കിലും പള്ളിയില്‍ പോകില്ല .

അലക്സ്‌ നടത്തം തുടര്‍ന്നു . ചുറ്റിനുമുള്ള കുറ്റിക്കാട്ടില്‍ നിന്നും കുശുകുശുപ്പുകള്‍ കേള്‍ക്കുന്നുണ്ട്‌ .അവിടെ മാഗിയുടെവീട് ലക്‌ഷ്യം വച്ച് വേറയും ആവശ്യക്കാര്‍ പതിയിരിക്കുന്നു എന്ന് അയ്യാള്‍ക്ക് മനസ്സിലായി.ആ വേട്ടനായ്ക്കളേക്കാള്‍ താന്‍ എന്തുകൊണ്ടും ഭേദമെന്ന് അലക്സ്‌ ചിന്തിച്ചു. കൂടാതെ, പകലുകളിലെ കാര്‍ക്കിച്ചു തുപ്പലുകള്‍ക്ക് ഇരവിന്റെ മടിത്തട്ടില്‍ പ്രായശ്ചിത്തം ചെയ്യുന്നവരാണ് അവിടത്തുകാരെന്ന തിരിച്ചറിവും......

പെട്ടന്ന് കുറ്റിക്കാടിനിടയില്‍ നിന്ന് അശരീരികള്‍ മുഴങ്ങി. പുളിച്ച തെറികളുടെ അകമ്പടിയോടെ .

'എടൊ താന്‍ നേരയങ്ങു പോയാലോ...പന്നെ കാത്തുകെട്ടി നമ്മള്‍ എന്തിനാ ഇവിടെ ഇരിയ്ക്കുന്നത്...?'
'മനസ്സിലായില്ല...?'
'എടൊ താന്‍ ക്യൂവിലാണെന്ന് ...'
അവിടെ പൊട്ടിച്ചിരികള്‍ ഉയര്‍ന്നു
'ഓ അങ്ങനെ...'
'ഓരോരുത്തന്മാര്‍ കേറി വന്നോളും ...മാഷെ നിങ്ങള്‍ ആ സൈഡില്‍ ഇരുന്നോളൂ ....'
വീണ്ടും തെറിയില്‍ കലര്‍ന്ന കുശുകുശുപ്പുകള്‍

അലക്സ്‌ അങ്ങോട്ട്‌ മാറിയിരുന്നു .കുറച്ചു പിറകിലായി ഉയരത്തില്‍ ഒരു കുരിശു തെളിഞ്ഞു വന്നു .ആ വിശാലമായ പ്രദേശത്തിന്റെ അധിപനെപ്പോലെ കാണപ്പെട്ടു . ദൂരെ പള്ളിയില്‍ വീണ്ടും മണിയടിച്ചു. അയ്യാള്‍ പരതി ചുറ്റിനുംനോക്കി . രാത്രിയിലെ മണിയടി വീണ്ടും അയ്യാളില്‍ അത്ഭുതം ജനിപ്പിച്ചു. അയ്യാള്‍ ആ കുരിശിനെ നോക്കിയിരുന്നു .അതൊരു ഒരു സത്വത്തിന്റെ രൂപം പ്രാപിയ്ക്കുന്നതായി അയ്യാള്‍ക്ക് തോന്നി. അതില്‍ നിന്നും അസ്വസ്ഥതയോടെ കണ്ണുകള്‍ പിന്‍വലിച്ചു. കുറെ നേരം കുനിഞ്ഞിരുന്നു .എത്ര നേരം അങ്ങിനെയിരുന്നെന്നു അറിയില്ല. വീണ്ടും എവിടെ നിന്നോ അശരീരി.

'മാഷേ ...പെട്ടന്ന് പോയിട്ട് വാ .....'

അയ്യാള്‍ ഞെട്ടിയുണര്‍ന്നു .ചാടിയെഴുന്നേറ്റു ആ വീട് ലക്ഷ്യമാക്കി നീങ്ങി. ചുറ്റിനും അടക്കിപ്പിടിച്ച പരിഹാസം കലര്ന്നചിരികള്‍ .മദ്യത്തിന്റെ രൂക്ഷ ഗന്ധം ,കുറ്റിക്കാടുകള്‍ക്കിടയില്‍ കഞ്ചാവ് പുകയുയരുന്നു . നെഞ്ചിടിപ്പിന്റെ ആക്കം കൂടി . വീടിന്റെ ഉമ്മറത്തെത്തി വാതില്‍ പതിയെ തുറന്നു അകത്തു പ്രവേശിച്ചു . അകത്തു പുറത്തേക്കാള്‍ ഇരുട്ട് .നന്നായി വിയര്‍ക്കുന്നുമുണ്ട് .തന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങള്‍ അടുത്തുവരുന്നതിന്റെ പതര്‍ച്ചയും ....

'മാഗീ...' അയ്യാള്‍ നീട്ടി വിളിച്ചു
മറുപടിയുണ്ടായില്ല
'ഇതെന്താ മാഗീ ...ഇരുട്ടത്തിരിയ്ക്കുന്നത്..?'
മറുപടിയുണ്ടായില്ല
'വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം ..അല്ലേ മാഗീ ..."

അവള്‍ ചിരിയ്ക്കുമെന്നു കരുതി .അതുമുണ്ടായില്ല .അയ്യാള്‍ തപ്പിത്തടഞ്ഞു ഒരു വിധം കട്ടിലിലിരുന്നു .കൈകള്‍ അതിലൂടെ പരതി അതവളുടെ കാലുകളില്‍ ചെന്നവസാനിച്ചു .പള്ളിയില്‍ വീണ്ടും മണിയടിച്ചു.

വെളിപാടുപോലെ അലക്സ്‌ ഒന്നു മനസ്സിലാക്കി .രതിക്രീഡയുടെ ഉത്തുംഗശ്രുംഗങ്ങളില്‍ വിഹരിയ്ക്കുമ്പോഴുള്ള ശരീരതാപം മാഗിയില്‍ അന്യമായിരുന്നു. അയ്യാള്‍ കൈകള്‍ പിന്‍വലിച്ചില്ല .അതവളുടെ മാറിടങ്ങളിലൂടെ കടന്നുപോയി നാസികയില്‍ അവസാനിച്ചു. ഉമിനീരും രക്തവും കലര്‍ന്ന ആ ഗന്ധം അയ്യാളുടെ കൈകളിലേയ്ക്ക് പകര്‍ന്നു. ജീവശ്വാസത്തിന്റെ ആഗമനനിര്ഗ്ഗമനങ്ങള്‍ നാസികയും കൈവിട്ടിരുന്നു. അലക്സ്‌ ചാടിയെണീട്ടു .അയ്യാള്‍ അകെ ഭയന്നുപോയി. തൊണ്ടയില്‍ ഉമിനീരിന്റെ പ്രതിഷേധം . കൊലക്കുറ്റം വരെ ഇനിതന്റെ തലയില്‍ വരും എന്ന് അയ്യാള്‍ ഭയപ്പെട്ടു.

ഭയത്തോടെയും വല്ലാത്ത നൊമ്പരത്തോടെയും അയ്യാള്‍ പുറത്തിറങ്ങി. മുന്നിലെ കുറ്റിക്കാടിനിടയില്‍ നിന്നും ആജാനബാഹുവായ ഒരാള്‍ ചാടിയിറങ്ങി .അടുത്ത ഊഴം അവന്റെതാണ് .അലക്സ്‌ ഉറക്കെ വിളിച്ചു പറഞ്ഞു .

'സഹോദരാ അങ്ങോട്ടു പോകരു ....'

വാക്കുകള്‍ മുഴുമിപ്പിയ്ക്കുന്നതിനു മുന്‍പ് മാരകമായ പ്രഹരമേറ്റ് അലക്സ്‌ വീണു .പൂര്‍ണ്ണമായല്ലെങ്കിലും ബോധം നശിച്ചു. .കുറെ നേരം അങ്ങിനെ തന്നെ കിടന്നു . കണ്ണുകള്‍ തെളിഞ്ഞു വന്നു ആദ്യം കണ്ടത് ആ കുരിശായിരുന്നു. അതിനിരുവശത്തും വെള്ളചിറകുകള്‍ കുരുക്കുന്നതായി അയ്യാള്‍ക്ക് തോന്നി.ഒരു വിധം എഴുന്നേറ്റു വേച്ചു വേച്ചു നടന്നു നീങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ തിരിഞ്ഞുനോക്കി . മാഗിയുടെ വീടിനു മുന്നില്‍ ചുറ്റുപാടും ഊഴം കാത്തിരുന്നവര്‍ കൂടി നിക്കുന്നു .എല്ലാവരും കാര്യമറിഞ്ഞിരിയ്ക്കുന്നു .ഒരു വിധം ജംഗ്ഷനില്‍ എത്തി. ഒരു ചുമടു കല്ലില്‍ വിശ്രമിച്ചു .ചിന്താഭാരം അസഹനീയമായപ്പോള്‍ അറിയാതെ മുകളിലേയ്ക്ക് നോക്കി .അവിടെ പള്ളിഗോപുരത്തില്‍ എല്ലാത്തിന്റെയും നാഥനായ ദൈവപുത്രന്‍ തന്നെ വിളിയ്ക്കുന്നതായി അലക്സിനു തോന്നി .തൊട്ടു പിന്നിലായി വിശ്വാസികള്‍ സ്ഥാപിച്ച ഒരു ബോര്‍ഡ് കണ്ടു. ഏതോ വികൃതിപ്പയ്യന്മാര്‍ അതിനെ മാഗിയുടെ വീട്ടിലേയ്ക്ക്‌ തിരിച്ചു വച്ചിരിയ്ക്കുന്നു.അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
"നീ എന്നെ വിശ്വസിപ്പിന്‍ ഞാന്‍ നിന്നോടൊപ്പമുണ്ട്...."

അല്‍പ്പം കഴിഞ്ഞപ്പോള്‍ ഉപഭോക്താക്കള്‍ നിരാശയോടെ വരിവരിയായി ആ വഴിപിന്നിട്ടു പോയി. അവരില്‍ പലരും അലക്സിനെ പരുഷമായി നോക്കി . തനിയ്ക്ക് മുന്‍പ് കയറിയ ഏതോ കാമഭ്രാന്തന്റെ വൈകൃതങ്ങള്‍ ആ പാവത്തിനെ കൊന്നിരിയ്ക്കാം. തങ്ങളും കുടുങ്ങും എന്ന ഭയം കാരണമാകും അവര്‍ തന്നെ അകപ്പെടുത്താത്തത്‌ എന്ന് അലക്സിനു മനസിലായി. ഒറ്റയായും ഇരട്ടയായും അവരുടെ ഒഴുക്ക് തീരുന്നില്ല. നേരത്തെ വിജനം എന്ന് തോന്നിച്ച ഈ സ്ഥലത്ത് ഇത്രയും പേരുടെ സാമീപ്യം ഉണ്ടായിരുന്നു എന്നോര്‍ത്തപ്പോള്‍ അയ്യാള്‍ക്ക് മനുഷ്യന്റെ മറ്റൊരു മുഖം പഠിയ്ക്കാന്‍ സാധിച്ചു. അവരുടെ ഒഴുക്ക് അവസാനിച്ചു അതാ ഒടുവിലായി ഒരു പെണ്‍കുട്ടി കരഞ്ഞു കൊണ്ട് വരുന്നു . അവളുടെ കരച്ചില്‍ ആ രാത്രിയുടെ കരച്ചിലായി തോന്നി. അവന്‍ അടുത്ത് ചെന്നു. ഏകദേശം മൂന്നുനാല് വയസ്സ് തോന്നുന്ന പ്രായം . അവള്‍ ഒന്നും പറയാതെ കരച്ചില്‍ തുടര്‍ന്നു. "എന്ത് പറ്റി മോളെ .." .എന്നയാള്‍ ചോദിച്ചു. "മമ്മിയെ വിളിച്ചിട്ട് കേള്‍ക്കുന്നില്ല..." . എന്നവള്‍ കരച്ചിലിനിടയില്‍ മറുപടി പറഞ്ഞു .

നാളെ മാഗിയുടെ സ്ഥാനത്ത് ഉയര്‍ന്നു വരേണ്ടവള്‍ .പാപികളുടെ രേതസ്സിന്റെ പാപം ചുമക്കേണ്ടവള്‍. ചിലപ്പോള്‍ മമ്മിയെക്കാള്‍ കീര്‍ത്തി നേടേണ്ടവള്‍...എന്നൊക്കെ അയാള്‍ കണക്കുകൂട്ടി. അയാളുടെ കൈകള്‍ അവളിലേയ്ക്ക് നീണ്ടു. തലമുടിയില്‍ തഴുകി. അവളെയും കൊണ്ട് നടത്തം തുടങ്ങി.ഗോപുരത്തിലെ ദൈവപുത്രനെ ഒരിയ്ക്കല്‍ കൂടി നോക്കി .അവന്‍ ചിരിയ്ക്കുന്നു. കുറച്ചു ദൂരം നടന്നു പിന്നിലേയ്ക്ക് നോക്കി. അരണ്ട വെളിച്ചത്തില്‍ മാഗി ഉറങ്ങുന്ന വീടുകണ്ടു‌.‌. മരണത്തിനു ശേഷം നാളെമുതല്‍ പുഴുവിനും പ്രാപിയ്ക്കാന്‍ തന്റെ ശരീരം എറിഞ്ഞു കൊടുത്തവള്‍ .ആ ജീവിതത്തിന്റെ ബാക്കിപത്രമായി തന്റെ കൈകളില്‍ അഭയം തേടപ്പെട്ട പാവം പെണ്‍കുട്ടി. പാപ പരിഹാരം തേടിനടന്നിരുന്ന തന്നെ വീണ്ടും ഒരു പ്രലോഭനതിലൂടെ ഇവിടെ കൊണ്ട് വന്നതാര്. നീയല്ലാതെ...അയ്യാള്‍ വീണ്ടും ആ ഗോപുരത്തിലെയ്ക്ക് നോക്കി .അപ്പോഴേയ്ക്കും വൃക്ഷങ്ങള്‍ അതിനെ മറച്ചു കഴിഞ്ഞു. മറുവശത്ത് , മരണത്തിലൂടെയും അനുഭവങ്ങളിലൂടെയും മാനസാന്തരം വന്ന രണ്ടുപേരുടെ മദ്ധ്യേ ആ കുരിശു തലയുയര്‍ത്തി നില്‍ക്കുന്നത് കാണാമായിരുന്നു .

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ